ഒറ്റപ്പാലം : കോവിഡ് സമൂഹവ്യാപനസാധ്യത പരിശോധിക്കാൻ നടത്തിയ ആന്റിജൻ പരിശോധനയിൽ ഒറ്റപ്പാലത്ത് ഏഴുപേർക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 18-ന് നടന്ന ആന്റിജൻ പരിശോധനയിൽ പാലപ്പുറത്ത് കോവിഡ് സ്ഥിരീകരിച്ചയാളുടെ സമ്പർക്കപ്പട്ടികയിലുണ്ടായിരുന്ന ഏഴുപേർക്കാണ് രോഗം. അതിൽ അഞ്ചുപേർ ബന്ധുക്കളും രണ്ടുപേർ സുഹൃത്തുക്കളുമാണെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ഇയാളുടെ പ്രാഥമിക സമ്പർക്കപ്പട്ടികയിലുള്ള 13 പേരിലെ ഏഴുപേർക്കാണ്‌ രോഗമുണ്ടെന്ന് തിരിച്ചറിഞ്ഞത്.

ഒറ്റപ്പാലത്ത് ശനിയാഴ്ച ആദ്യം 130 പേരെയാണ് ആന്റിജൻ പരിശോധനയ്ക്ക് വിധേയമാക്കിയത്. ഇതിൽ പാലപ്പുറത്ത് കോവിഡ് സ്ഥിരീകരിച്ചയാളുടെ രണ്ട് സുഹൃത്തുക്കൾക്ക് പോസിറ്റീവായി. ഇതോടെയാണ് ഇയാളുടെ ബന്ധുക്കളുൾപ്പെടെ സമ്പർക്ക പട്ടികയിലുള്ള 13 പേരെക്കൂടി പരിശോധിച്ചത്. അതിലാണ് അഞ്ചുപേർക്കുകൂടി രോഗമുണ്ടെന്ന് സ്ഥിരീകരിച്ചത്. ഏഴുപേരെയും ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

ഒരാഴ്ചയ്ക്കിടെ ഒറ്റപ്പാലത്ത് 893 പേരെ ആന്റിജൻ പരിശോധനയ്ക്ക് വിധേയമാക്കിയതിൽ 13 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.