ഒറ്റപ്പാലം : കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾ തുടങ്ങിയപ്പോൾ പൂട്ടിയ ഒറ്റപ്പാലം താലൂക്കാശുപത്രിയുടെ കാന്റീൻ തുറക്കുന്നു. നാലുമാസത്തോളമായി പൂട്ടിക്കിടക്കയായിരുന്നു. കരാറെടുക്കാനാളില്ലാതെ വന്നതോടെ പൂട്ടിയ കാന്റീൻ വീണ്ടും ദർഘാസ് വിളിച്ചിരുന്നു. ഇതിൽ കരാറെടുക്കാൻ ആളെത്തിയതോടെയാണ് രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും കഷ്ടപ്പാടിന് അറുതിയാവുന്നത്. ഓഗസ്റ്റ് ഒന്നുമുതൽ കാന്റീൻ പ്രവർത്തനംതുടങ്ങുമെന്ന് ഒറ്റപ്പാലം താലൂക്കാശുപത്രി സൂപ്രണ്ട് താജ്പോൾ പറഞ്ഞു.

അടച്ചത് ഏപ്രിലിൽ

:ജില്ലയിൽ ആദ്യ കോവിഡ് സ്ഥിരീകരിച്ചതോടെ കഴിഞ്ഞ ഏപ്രിലിലാണ് കാന്റീൻ അടച്ചത്. പിന്നീട് നടത്തിപ്പിനായി കരാർ വിളിച്ചെങ്കിലും കർശനമായി ലോക്ഡൗൺ നടപ്പാക്കിയിരുന്ന കാലത്ത് ഏറ്റെടുക്കാനെത്തിയില്ല.

തുടർന്ന്, വ്യവസ്ഥകളിൽ ഇളവുവരുത്തി രണ്ടാംതവണ നടത്തിയ കരാറിലാണ് ഏറ്റെടുക്കാൻ ആളെത്തിയത്.

അപ്പോഴേക്കും നാലുമാസത്തിലേറെ അടഞ്ഞുകിടന്നു.

കഷ്ടപ്പാട് ജീവനക്കാർക്കും രോഗികൾക്കും

:കാന്റീൻ ഇല്ലാത്തതുകൊണ്ട് വലഞ്ഞത് ആശുപത്രിയിലെ ജീവനക്കാരും രോഗികളും കൂട്ടിരിപ്പുകാരുമാണ്. കോവിഡ് കാലത്ത് വെള്ളത്തിന് പുറത്തുള്ള ഹോട്ടലുകളെ ആശ്രയിക്കേണ്ടിവന്നു. കോവിഡ് ബ്ലോക്ക് ആശുപത്രിയായ സ്ഥലത്താണ് ഈ കഷ്ടപ്പാടുണ്ടായത്.

കുടുംബശ്രീയെ പരിഗണിച്ചില്ല

ദർഘാസ് എടുക്കാൻ ആളില്ലാതെ വന്നതോടെ കാന്റീൻ കുടുംബശ്രീയെ ഏൽപ്പിക്കാൻ ശ്രമംനടന്നിരുന്നു. നഗരസഭയിലെ പല യൂണിറ്റുകളും സന്നദ്ധമായിരുന്നു.

മാസം 10,000 രൂപ നിരക്കിൽ ഏല്പിക്കാനായി കുടുംബശ്രീ സമീപിച്ചെങ്കിലും അനുവദിച്ചില്ലെന്നാണ് കുടുംബശ്രീ അധികൃതർ പറയുന്നു.