ഒറ്റപ്പാലം : വള്ളികൾ പടർന്നുകയറിയും പുല്ലുവളർന്നും മരച്ചില്ലകൾ ചാഞ്ഞും ഒന്ന്‌ തെളിഞ്ഞുകാണാൻ പോലുമാകാത്ത സ്ഥിതി.

ഇതാണ് ഇപ്പോഴത്തെ ഒറ്റപ്പാലത്തെ വിദ്യാഭ്യാസജില്ലാ ഓഫീസിന്റെ ബുക്ക് ഡിപ്പോ കെട്ടിടം. ഒമ്പതുവർഷമായി പ്രവർത്തനമില്ലാതെ അടഞ്ഞുകിടക്കയാണ് ആർ.എസ്. റോഡിൽ പോലീസ് സ്റ്റേഷന് സമീപത്തെ കെട്ടിടം.‍

ഇവിടെനിന്നാണ് സൊസൈറ്റികൾ സ്കൂളുകളിലേക്ക് പുസ്തകങ്ങൾ കൊണ്ടുപോയിരുന്നത്. പിന്നീട് ഷൊർണൂരിലെ സെന്റർ സ്റ്റോർ പ്രവർത്തനം തുടങ്ങിയതോടെ പ്രവർത്തനം അങ്ങോട്ടുമാറി. ഇതോടെയാണ് ഈ കെട്ടിടം പൂട്ടിയിടാൻ തുടങ്ങിയത്. പുനരുദ്ധാരണം നടത്താനായി പദ്ധതി സമർപ്പിച്ചെങ്കിലും ഇപ്പോഴും നടപടിയായിട്ടില്ല.

കേടുപാടുകൾ കൂടുതൽ

:കെട്ടിടത്തിലെ ഓടുകൾ പൊട്ടിയും പട്ടികകളും മറ്റും ചിതലരിച്ചുമാണ് കെട്ടിടം നശിക്കുന്നത്. തൊട്ടടുത്തുള്ള മരത്തിൽനിന്ന് കൊമ്പൊടിഞ്ഞുവീണും ഇടയ്ക്കിടക്ക് ഓടുകൾ നശിക്കുന്നുണ്ട്. ഒരുഭാഗത്ത് ഭിത്തികളിൽ വിള്ളലുമുണ്ട്.

പദ്ധതിസമർപ്പിച്ചിട്ട് ഒരുവർഷം

:പുനരുദ്ധരിക്കണമെന്നാവശ്യപ്പെട്ട് രണ്ടുവർഷം മുമ്പ് ജില്ലാ വിദ്യാഭ്യാസ ഓഫീസർ പൊതുമരാമത്ത് കെട്ടിടവിഭാഗത്തിന് കത്തുനൽകിയിരുന്നു. പൊതുമരാമത്ത് വകുപ്പ് പരിശോധന നടത്തി പുനരുദ്ധാരണത്തിനായി പദ്ധതിരേഖയും തയ്യാറാക്കി. 2019-ൽ സമർപ്പിച്ച 10.40 ലക്ഷം രൂപയുടെ പദ്ധതിരേഖയ്ക്ക് ഇതുവരെയും ഭരണാനുമതി ലഭിച്ചിട്ടില്ല.

വിദ്യാഭ്യാസസമുച്ചയം വരുമോ

:വിദ്യാഭ്യാസ ജില്ലാ ഓഫീസിനോട് ചേർന്നുകിടക്കുന്ന കെട്ടിടം നവീകരിച്ച് വിദ്യാഭ്യാസസമുച്ചയം നിർമിക്കാൻ വിദ്യാഭ്യാസ വകുപ്പിന് ആലോചനയുണ്ടായിരുന്നു. ഒറ്റപ്പാലംനഗരത്തിൽനിന്ന് മാറി ഈസ്റ്റ് ഒറ്റപ്പാലത്തുള്ള ഐ.ടി. അറ്റ് സ്കൂളിന്റെയും ബി.ആർ.സി.യുടെയും ഓഫീസിനെ ഇങ്ങോട്ടുമാറ്റാനും ആലോചനയുണ്ടായിരുന്നു.