ഒറ്റപ്പാലം : കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി നിയോജകമണ്ഡലത്തിൽ 604 പേരെ കിടത്തിച്ചികിത്സിക്കാവുന്ന സൗകര്യമൊരുക്കി. എട്ട് തദ്ദേശ സ്ഥാപനങ്ങളിലായാണ് 604 പേർക്ക് കോവിഡ് ചികിത്സയ്ക്ക് ഫസ്റ്റ്‌ലൈൻ ട്രീറ്റ്‌മെന്റ് സെന്റർ തയ്യാറാക്കിയതെന്ന് പി. ഉണ്ണി എം.എൽ.എ. അറിയിച്ചു.

ഒറ്റപ്പാലത്ത് എൻ.എസ്.എസ്. കോളേജിലും വരോട് സ്കൂളിലും ബധിരമൂക വിദ്യാലയത്തിലുമായി 250 പേർക്കാണ് സൗകര്യം. ലക്കിടി പഞ്ചായത്തിൽ നൂറുപേർക്കും കരിമ്പുഴ പഞ്ചായത്തിൽ 94 പേർക്കും പൂക്കോട്ടുകാവ്, കടമ്പഴിപ്പുറം, ശ്രീകൃഷ്ണപുരം എന്നിവിടങ്ങളിൽ 50 പേർക്കുവീതവും അമ്പലപ്പാറയിൽ പത്തുപേർക്കുള്ള സൗകര്യവുമുണ്ട്. ഈകേന്ദ്രങ്ങളിൽ ആരോഗ്യവകുപ്പിന്റെ പ്രാഥമിക പരിശോധന പൂർത്തിയാകുന്നതോടെ ചികിത്സയ്ക്ക് സൗകര്യമൊരുക്കുമെന്നും എം.എൽ.എ. അറിയിച്ചു. ഒറ്റപ്പാലം നഗരസഭയുൾപ്പെടെ എല്ലാ തദ്ദേശസ്ഥാപനങ്ങളിലും ഫസ്റ്റ്‌ലൈൻ ട്രീറ്റ്‌മെന്റ് സെന്റർ മാനേജ്‌മെന്റ് കമ്മിറ്റികളും നിലവിൽവന്നു.

മാരായമംഗലം ഗവ. ഹയർസെക്കൻഡറി സ്കൂളിൽ 50 പേരെ കിടത്തിച്ചികിത്സക്കാനുള്ള സൗകര്യമാണ് ആദ്യഘട്ടത്തിൽ ഒരുക്കിയത്. പഞ്ചായത്തിന്റെയും ആരോഗ്യകേന്ദ്രത്തിന്റെയും കൂട്ടായ്മയിൽ ഫ്രണ്ട് ഓഫിസ്, പരിശോധനാമുറി, നഴ്‌സിങ്‌ സ്റ്റേഷൻ, ഫാർമസി, സ്റ്റോർ തുടങ്ങിയവയും ക്രമീകരിച്ചിട്ടുണ്ടെന്ന് പഞ്ചായത്ത് പ്രസിഡന്റ് പി.കെ. മുഹമ്മദ്ഷാഫി പറഞ്ഞു.

അധ്യാപകൻ പി. ബാലകൃഷ്ണനാണ് നോഡൽ ഓഫീസർ. സഹായിക്കുന്നതിന് ഏഴംഗ മാനേജ്‌മെന്റ് സമിതിയുണ്ടാക്കി. ആരോഗ്യവകുപ്പിന്റെ നിർദേശങ്ങൾക്ക് വിധേയമായി തയ്യാറാക്കിയ കേന്ദ്രത്തിൽ പഞ്ചായത്ത് ജീവനക്കാർ, ആരോഗ്യവകുപ്പ് ജീവനക്കാർ, തൊഴിലുറപ്പ് തൊഴിലാളികൾ, സന്നദ്ധപ്രവർത്തകർ എന്നിവരുടെ സേവനം ലഭ്യമാക്കും.