ഒറ്റപ്പാലം : ആഘോഷകാലങ്ങളിൽ ഒറ്റപ്പാലം അനങ്ങൻമലയിലെ ഇക്കോടൂറിസം കേന്ദ്രത്തിൽ ആസ്വാദകരുടെ തിരക്കുണ്ടാകാറുണ്ട്. പെരുന്നാൾ, ഓണക്കാലങ്ങളിൽ വൈകുന്നേരങ്ങളിൽ വെള്ളച്ചാട്ടം കാണാനും മല കയറാനും കുടുംബത്തോടെ ആളുകളെത്തും. ഇപ്പോൾ മഴ കൂടി പാറക്കെട്ടിലൂടെ വെള്ളമൊഴുകാൻ തുടങ്ങിയിട്ടും ഇക്കോടൂറിസം കേന്ദ്രത്തിൽ ആരുമില്ല. കോവിഡുകാലം കഴിഞ്ഞ് അനങ്ങൻമലയെത്തേടി ആളുകളെത്തുമ്പോഴേക്കും ഇക്കോടൂറിസം കേന്ദ്രത്തിന്റെ മുഖം സുന്ദരമാക്കാനുള്ള ഒരുക്കത്തിലാണ് വനംവകുപ്പ്. 20 ലക്ഷംരൂപ ചെലവിലാണ് നവീകരണപ്രവർത്തനങ്ങൾ നടക്കുന്നതെന്ന് ഒറ്റപ്പാലം വനംവകുപ്പ് റേഞ്ച് ഓഫീസർ ജമാലുദ്ദീൻ ലബ്ബ പറഞ്ഞു.

പാർക്കിങ്ങിന് പ്രത്യേക സ്ഥലം

:അനങ്ങൻമലയിലെത്തുന്നവർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന പ്രധാനപ്രശ്നം പാർക്കിങ്ങിനുള്ള സ്ഥലപരിമിതിയാണ്‌. ചെറിയ റോഡിൽ വാഹനങ്ങളുമായെത്തിയാൽ അനങ്ങാൻ സ്ഥലമില്ലാത്ത സ്ഥിതി. ഈ പ്രശ്നങ്ങൾക്ക് പരിഹാരമാവുകയാണ്. കവാടത്തിനടുത്ത് 30 കാറുകൾക്ക് നിർത്താനാവശ്യമായ സ്ഥലമാണ് ഇപ്പോൾ സജ്ജമാക്കുന്നത്.

ഇനിയുമുണ്ട് സൗകര്യം

:മേൽക്കൂര തകർന്ന പഴയ ടിക്കറ്റ് കൗണ്ടർ മാറ്റി പുതിയ കൗണ്ടർ നിർമാണം തുടങ്ങി. ഇവിടെ ഒരു ഇക്കോ ഷോപ്പും കാന്റീനും തുടങ്ങും. ഒപ്പം ട്രക്കിങ്ങിനെത്തുന്നവർക്ക് പിടിച്ചുകയറാൻ കുറച്ചുകൂടി കൈവരികളും മലയ്ക്കുമുകളിൽ സ്ഥാപിക്കാൻ തുടങ്ങി. അനങ്ങൻ, കൂനൻമലകളെ ബന്ധിപ്പിക്കുന്ന പാലം തുരുമ്പുപിടിച്ച സ്ഥിതിയിലായിരുന്നു. ഇത് പെയിന്റ് ചെയ്ത് ഭംഗിയാക്കുന്നുണ്ട്.

വരുമാനം അരലക്ഷം രൂപ

കഴിഞ്ഞ ഓണത്തിരക്കിൽ ഉത്രാടംമുതൽ ചതയംവരെയുള്ള നാലുദിവസത്തിനിടെ 2,373 പേരാണ് അനങ്ങൻമലയിലെ പ്രകൃതിഭംഗി ആസ്വദിക്കാനെത്തിയത്. ഇത്രയുംപേരിൽ നിന്നായി 55,420 രൂപ ഫീസിനത്തിൽ ലഭിച്ചിരുന്നു. ഇത്തവണ ഓണക്കാലത്ത് ആർക്കും പ്രവേശനമുണ്ടാകാനിടയില്ല.

ഇനിയും നടപ്പാവാത്ത പദ്ധതികൾ

റോപ്പ് വേ

വെള്ളച്ചാട്ടങ്ങൾ ഭംഗിയാക്കലും കുളങ്ങളും

കാറ്റാടികൾ

ട്രക്കിങ് സൗകര്യങ്ങൾ

സോളാർ പ്ലാന്റ്