ഒറ്റപ്പാലം : കോവിഡ് ചികിത്സയ്ക്കായി ഒറ്റപ്പാലം നഗരസഭയുടെ കീഴിൽ മൂന്ന് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകൾ സജ്ജമാക്കാൻ തീരുമാനം. ഒറ്റപ്പാലം ബധിര-മൂക വിദ്യാലയം, വരോട് കെ.പി.എസ്.എം.എം ഹൈസ്കൂൾ, പാലപ്പുറം എൻ.എസ്.എസ്. കോളേജ് എന്നീ സ്ഥാപനങ്ങളാണ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളാക്കുന്നത്.

നഗരസഭാധ്യക്ഷന്റെ നേതൃത്വത്തിൽ നഗരസഭയിൽ നടന്ന യോഗത്തിലാണ് തീരുമാനം. സെന്ററുകൾ കൈകാര്യം ചെയ്യുന്നതിനായി പ്രത്യേക കമ്മിറ്റിയും രൂപവത്കരിച്ചു.

മൂന്ന് സ്ഥലങ്ങളിലുമായി 250 പേരെ കിടത്തിച്ചികിത്സിക്കാവുന്ന സൗകര്യങ്ങളാണ് ഒരുക്കിയത്. ഇവിടെ ഒരുക്കേണ്ട ഭൗതികസൗകര്യങ്ങൾക്കായി സംഘടനകളുടെയും സ്ഥാപനങ്ങളുടെയും സഹായം തേടാനും തീരുമാനമായി. താലൂക്ക് ആശുപത്രി സൂപ്രണ്ട് കൺവീനറായും നഗരസഭ സൂപ്രണ്ട് നോഡൽ ഓഫീസറുമായുള്ള കമ്മിറ്റിക്കാണ് പ്രവർത്തനച്ചുമതല.

യോഗത്തിൽ നഗരസഭാധ്യക്ഷൻ എൻ.എം. നാരായണൻ നമ്പൂതിരി അധ്യക്ഷനായി. സ്ഥിരംസമിതി അധ്യക്ഷരായ കെ.ബി. ശശികുമാർ, മനോജ് സ്റ്റീഫൻ, ഡോ. പി.ജി. മനോജ്, സെക്രട്ടറി എച്ച്. സീന തുടങ്ങിയവർ സംസാരിച്ചു.

ചൊവ്വാഴ്ചയും 100 പേർക്ക് നെഗറ്റീവ്

:വ്യാപാരസ്ഥാപനങ്ങളിലും മത്സ്യവിൽപ്പനക്കാരിലുമുൾപ്പെടെ ഒറ്റപ്പാലത്ത് ചൊവ്വാഴ്ചയും 100 പേരെ ആന്റിജൻ പരിശോധനയ്ക്ക് വിധേയമാക്കി. ഇതിൽ എല്ലാവരും നെഗറ്റീവായതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ഇതുവരെ ഒറ്റപ്പാലത്ത് 450 പേരെ ആന്റിജൻ പരിശോധനയ്ക്ക് വിധേയമാക്കിയതിൽ 446 പേർക്കും രോഗമില്ലെന്ന് കണ്ടെത്തി. ഇതിൽ മൂന്നുപേർ വിദേശത്തുനിന്നും ഇതരസംസ്ഥാനത്തുനിന്നും എത്തിയവരായിരുന്നു. 23-ന് അനങ്ങനടിയിലും ആന്റിജൻ പരിശോധന നടത്തും.