ഒറ്റപ്പാലം : പട്ടാമ്പി മാർക്കറ്റിൽ കൂട്ടത്തോടെ കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ഒറ്റപ്പാലത്തെ മത്സ്യമാർക്കറ്റുകളിൽ ഉൾപ്പെടെ ആരോഗ്യവകുപ്പ് ആന്റിജൻ പരിശോധന നടത്തി.

പട്ടാമ്പിയിൽനിന്ന് മത്സ്യമെടുത്ത് ഒറ്റപ്പാലത്തെ വിവിധയിടങ്ങളിൽ കച്ചവടം ചെയ്യുന്നവരുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. തിങ്കളാഴ്ച 100 പേരിൽ നടത്തിയ പരിശോധനയും നെഗറ്റീവായി.

ഒറ്റപ്പാലത്ത് അഞ്ച്‌ ദിവസത്തിനിടെ 350 പേർക്കാണ് ആന്റിജൻ പരിശോധന നടത്തിയത്. അതിൽ നാലുപേർക്കാണ് പോസിറ്റീവായത്. ഇതിൽ മൂന്നുപേർ വിദേശത്തുനിന്നും ഇതരസംസ്ഥാനങ്ങളിൽനിന്നും എത്തിയവരായിരുന്നു.

പരിശോധനയിൽ, പാലപ്പുറത്തുനിന്ന് കോവിഡ് സ്ഥിരീകരിച്ച ഒരാളുടെ വിഷയത്തിൽ മാത്രമാണ് സമൂഹവ്യാപന ആശങ്ക നിലനിൽക്കുന്നത്. ഇദ്ദേഹത്തിന്റെ സമ്പർക്കപ്പട്ടികയിലുള്ളവരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.