ഒറ്റപ്പാലം : ആർ.എസ്. റോഡിലെ നടപ്പാതയിൽ കാൽനടയാത്രക്കാർക്ക് ഭീഷണിയായിരുന്ന സ്ലാബുകൾക്കിടയിലെ വിടവ് അടച്ചു. പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തിൽ ഞായറാഴ്ചയാണ് പുതിയ സ്ലാബിട്ട് വിടവ് അടച്ചത്. ഇതുസംബന്ധിച്ച ‘മാതൃഭൂമി’ വാർത്തയെത്തുടർന്നായിരുന്നു നടപടി.

പഴയ ബുക്ക്ഡിപ്പോയ്ക്ക് എതിർവശത്താണ് രണ്ട് സ്ലാബുകൾക്കിടയിൽ ആളെ വീഴ്ത്തുന്ന കുഴിയുണ്ടായിരുന്നത്. നടക്കുമ്പോൾ ശ്രദ്ധിക്കാതിരുന്നാൽ അഞ്ചടിയോളം താഴ്ചയുള്ള ഈ കുഴിയിൽ വീഴുമായിരുന്നു. സ്ലാബുകളിൽ ഇടിച്ച് പരിക്കുപറ്റാനും സാധ്യതയുണ്ടായിരുന്നു. 2018-ലാണ് അഴുക്കുചാൽ നിർമാണമടക്കം നടത്തി റോഡ് റബ്ബറൈസ് ചെയ്ത് നവീകരിച്ചത്. ഒന്നേകാൽ കോടി രൂപ ചെലവിലായിരുന്നു നവീകരണം. പണിപൂർത്തിയായ അഴുക്കുചാലുകൾക്ക് മുകളിൽ സ്ലാബിട്ട് മൂടിയിരുന്നെങ്കിലും ഈഭാഗത്തെ വിടവ് അടച്ചിരുന്നില്ല. കഴിഞ്ഞ വ്യാഴാഴ്ച നടപ്പാതയിലൂടെ സഞ്ചരിക്കുകയായിരുന്ന വീട്ടമ്മ ഈ കുഴിയിൽ വീണിരുന്നു.