ഒറ്റപ്പാലം : മൂന്നുമാസമായി ജില്ലയിലെ പ്രധാന കോവിഡ് ബ്ലോക്ക് ആശുപത്രിയായ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലെ കാന്റീൻ സേവനം മുടങ്ങിയിട്ട്. കരാറെടുക്കാൻ ആളെത്താത്തതാണ് കാന്റീൻ പ്രവർത്തനം മുടങ്ങാൻ കാരണം.

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ സജീവമായി നടക്കുന്ന ആശുപത്രിയിൽ ജീവനക്കാരും രോഗികളും കൂട്ടിരിപ്പുകാരും ബുദ്ധിമുട്ടിലാണ്.

ഏപ്രിൽ ആദ്യമാണ് നിലവിലെ കരാറുകാരൻ കാന്റീൻ അടച്ചത്. പുതിയ കരാറുകാരനായി ദർഘാസ് പരസ്യപ്പെടുത്തിയെങ്കിലും ഏറ്റെടുക്കാൻ ആരുമെത്തിയില്ല. ഇതോടെ കോവിഡ് ബ്ലോക്ക് ആശുപത്രിയായി ശക്തമായ പ്രതിരോധ പ്രവർത്തനങ്ങൾ നടന്ന മൂന്ന് മാസക്കാലവും കാന്റീൻ അടഞ്ഞുതന്നെ കിടന്നു. ഹോട്ടലുകൾ അടഞ്ഞുകിടന്ന കാലത്ത് സേവാഭാരതിയാണ് ആശുപത്രിയിലേക്ക് അത്യാവശ്യം വേണ്ട ഭക്ഷണമെത്തിച്ചത്. ഇപ്പോഴും ഉച്ചയ്ക്കുള്ള ഭക്ഷണം സംഘടന എത്തിക്കുന്നുണ്ടെന്നാണ് ഭാരവാഹികൾ പറയുന്നത്.

ലോക്ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചെങ്കിലും ഇപ്പോഴും ഭക്ഷണം ലഭിക്കുന്നതിനുള്ള പ്രതിസന്ധികൾ തീർന്നിട്ടില്ല. അതുകൊണ്ടുതന്നെ കാന്റീൻ കരാർവ്യവസ്ഥകളിൽ ആശുപത്രി അധികൃതർ ഇളവുവരുത്തി വീണ്ടും ദർഘാസ് പരസ്യപ്പെടുത്തി. 22ന് ദർഘാസ് നടപടികൾ പൂർത്തിയാക്കി അടുത്തമാസത്തോടെ ക്യാന്റീൻ പ്രവർത്തനമാരംഭിക്കാനാണ് താലൂക്കാശുപത്രി അധികൃതരുടെ പദ്ധതി.

കുടുംബശ്രീയും കൈവിട്ടു

:കരാറെടുക്കാൻ ആരുമെത്താതിരുന്നതോടെ കുടുംബശ്രീയെ പ്രവർത്തനമേറ്റെടുപ്പിക്കാൻ ശ്രമം നടന്നിരുന്നു. എന്നാൽ, ജില്ലാമിഷനുമായി ആരോഗ്യവകുപ്പ് അധികൃതർ ചർച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഇതോടെയാണ് വീണ്ടും ദർഘാസ് വിളിക്കാൻ തീരുമാനിച്ചത്.