ഒറ്റപ്പാലം : ആർ.എസ്. റോഡിൽ നടപ്പാതയിലൂടെ പോകുന്നവർ ഒന്ന് ശ്രദ്ധിക്കണം. ഇല്ലെങ്കിൽ കോൺക്രീറ്റ് സ്ലാബുകൾക്കിടയിലെ കുഴിയിൽ വീഴും. വ്യാഴാഴ്ച നടപ്പാതയിലൂടെ സഞ്ചരിക്കുകയായിരുന്ന വീട്ടമ്മ കുഴിയിൽ വീണു. ആധാർ കേന്ദ്രത്തിലേക്ക് വന്ന 60 വയസ്സുള്ള സ്ത്രീയാണ് ഈ വിടവിൽ വീണത്. കുഴിയിലെ ടെലിഫോൺ വയറുകളിൽ കാൽ കുടുങ്ങിയതുമൂലമാണ് പരിക്കേൽക്കാതെ രക്ഷപ്പെട്ടത്. സമീപത്തുണ്ടായിരുന്നവർ ചേർന്നാണ് ഇവരെ രക്ഷിച്ചത്. വീട്ടമ്മ അപകടത്തിൽപ്പെട്ടതിനെ തുടർന്ന് സമീപത്തുള്ളവർ ചേർന്ന് ഈ ഭാഗത്ത് കയറുകെട്ടി താത്കാലിക സുരക്ഷയൊരുക്കി.

അഞ്ചടിയോളം താഴ്ചയുണ്ട് ഈ അഴുക്കുചാലിന്. ഒപ്പം ടെലിഫോണുകളുടെ വലിയ വയറുകളും കുഴിയിലൂടെ കടന്നുപോകുന്നു. നടക്കുമ്പോൾ ശ്രദ്ധിക്കാതിരുന്നാൽ കുഴിയിൽ വീഴും. സ്ലാബുകളിൽ ഇടിച്ച് പരിക്കുപറ്റാനും ഇടയുണ്ട്. 2018-ലാണ് ഒന്നേകാൽ കോടി രൂപ ചെലവിൽ റോഡ് റബ്ബറൈസ് ചെയ്തത്. അഴുക്കുചാൽ നിർമാണവും ഇതോടൊപ്പം നടത്തിയിരുന്നു. പണി പൂർത്തിയായ അഴുക്കുചാലുകളെല്ലാം സ്ലാബിട്ട് മൂടിയെങ്കിലും ഈ ഭാഗം മാത്രം അടച്ചിരുന്നില്ല. ഇതാണ് കാൽനടയാത്രക്കാർക്ക് അപകടഭീഷണിയായി മാറിയിട്ടുള്ളത്.

പ്രശ്നം പരിഹരിക്കും

ആർ.എസ്. റോഡിലെ സ്ലാബുകൾക്കിടയിലെ വിടവ് മൂലമുണ്ടായിട്ടുള്ള അപകടക്കുഴി ഇതുവരെ ശ്രദ്ധയിൽപ്പെട്ടിട്ടില്ല. പ്രശ്‌നത്തിന് ഉടൻ പരിഹാരം കാണും

ആർ. രാജേഷ്, പൊതുമരാമത്ത് റോഡ് വിഭാഗം അസിസ്റ്റൻറ് എൻജിനിയർ.