ഒറ്റപ്പാലം : അമ്മയ്ക്ക് ചെലവിന്‌ നൽകാനുള്ള ഉത്തരവ് പാലിക്കാതിരുന്ന മകനെതിരേ നടപടിയെടുത്ത് ഒറ്റപ്പാലം മെയിന്റനൻസ് ട്രിബ്യൂണൽ.

ഷൊർണൂർ ചുഡുവാലത്തൂർ സ്വദേശിയായ 57-കാരനെ അറസ്റ്റുചെയ്ത് ഒരുമാസത്തേക്ക് തടവിലാക്കാൻ ഒറ്റപ്പാലം മെയിന്റനൻസ് ട്രിബ്യൂണലിന്റെ ചുമതലയുള്ള സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് സബ് കളക്ടർ അർജുൻ പാണ്ഡ്യൻ ഉത്തരവിട്ടു. ഷൊർണൂർ ചുഡുവാലത്തൂർ സ്വദേശിയായ 75-കാരി 2019 ജൂലായ് ഏഴിന്‌ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ട്രിബ്യൂണലിന്റെ ഇടപെടൽ.

മാതാപിതാക്കളുടെയും മുതിർന്ന പൗരൻമാരുടെയും സംരക്ഷണവും ക്ഷേമവും ഉറപ്പാക്കുന്ന 2007-ലെ നിയമപ്രകാരമാണ് നടപടി.

ചുഡുവാലത്തൂരിലെ വീടിന്‌ സമീപമാണ് മൂത്തമകന്റെ മൺപാത്രനിർമാണച്ചൂള പ്രവർത്തിക്കുന്നത്. അവിടെനിന്നുള്ള പുകകാരണം ശ്വാസംമുട്ടലും മറ്റും ഉണ്ടാകുന്നെന്നും മറ്റുമക്കൾ പരിപാലിക്കുന്നുണ്ടെങ്കിലും മൂത്തമകൻ സംരക്ഷണത്തിനായി ഒന്നും ചെയ്യുന്നില്ലെന്നുമായിരുന്നു അമ്മയുടെ പരാതി.

അമ്മയുടെയും മക്കളുടെയും തുല്യാവകാശത്തിലുള്ള വീട് ഭാഗംവെക്കാനും മൂത്തമകൻ അനുവദിച്ചിരുന്നില്ല. ഇതുമൂലം സർക്കാർ പദ്ധതിയിൽ വീടുവെക്കാൻ ആകുന്നില്ലെന്നും 75-കാരി നൽകിയ പരാതിയിൽ പറയുന്നു. ചർച്ചകളിലൂടെയുള്ള പ്രശ്‌നപരിഹാരത്തിന് ട്രിബ്യൂണൽ ശ്രമിച്ചെങ്കിലും മൂത്തമകൻ വഴങ്ങിയില്ല. മെയിന്റനൻസ് ട്രിബ്യൂണൽ ടെക്‌നിക്കൽ അസിസ്റ്റന്റിന്റെ അന്വേഷണാടിസ്ഥാനത്തിൽ മൂത്തമകനോട് മാസത്തിൽ 4,000 രൂപയും മറ്റുരണ്ട്‌ മക്കളോട് 3,000 രൂപവീതവും അമ്മയുടെ ബാങ്ക് അക്കൗണ്ടിലേക്കോ മണിയോർഡറായോ അയയ്ക്കാൻ മെയിന്റനൻസ് ട്രിബ്യൂണൽ കഴിഞ്ഞ സെപ്റ്റംബർ 23-ന് ഉത്തരവിട്ടു.

എന്നാൽ, ഇത്‌ പാലിക്കാൻ മൂത്തമകൻ തയ്യാറാകാതിരുന്നതിനെത്തുടർന്നാണ് മാതാപിതാക്കളുടെയും മുതിർന്ന പൗരൻമാരുടെയും സംരക്ഷണവും ക്ഷേമവും ഉറപ്പാക്കുന്ന 2007-ലെ നിയമത്തിലെ അഞ്ച് (എട്ട്) വകുപ്പുപ്രകാരം അറസ്റ്റ്‌ ചെയ്ത് തടവിലാക്കാൻ സബ് ഡിവിഷണൽ മജിസ്‌ട്രേറ്റുകൂടിയായ ഒറ്റപ്പാലം സബ് കളക്ടർ ഉത്തരവിട്ടത്.

മെയിന്റനൻസ് ട്രിബ്യൂണൽ

:മാതാപിതാക്കളുടെയും മുതിർന്നവരുടെയും ക്ഷേമവും സംരക്ഷണവും ഉറപ്പുവരുത്തുന്നതിനുള്ള കോടതിയാണ് മെയിന്റനൻസ് ട്രിബ്യൂണൽ.

ഓരോ ജില്ലയിലും ആർ.ഡി.ഒ.യുടെ കീഴിലാണ് ട്രിബ്യൂണലുകൾ പ്രവർത്തിക്കുന്നത്. സംസ്ഥാനത്താകെ 27 മെയിന്റനൻസ് ട്രിബ്യൂണലുകളാണുള്ളത്.