മണ്ണാർക്കാട് : വയോധികനെ മുറിയിൽ പൂട്ടിയിട്ട് മക്കൾ. നഗരസഭയിലെ ആറാം വാർഡ് ഉഭയമാർഗത്താണ് വയോധികനെ പൂട്ടിയിട്ട നിലയിൽ കണ്ടെത്തിയത്. സി.പി.എം. പാർട്ടി ഓഫീസിന് സമീപത്തായി നടമാളിക റോഡിൽ താമസിക്കുന്ന പൊന്നുചെട്ടിയാരാണ്‌ (90) പൂട്ടിയിടപ്പെട്ടത്.

ഗണേശനും തങ്കമ്മയുമാണ് ഇദ്ദേഹത്തിന്റെ മക്കൾ. ദിവസം ഒരു നേരം മാത്രമാണ് ഭക്ഷണം എത്തിച്ചുകൊടുത്തിരുന്നത്. വാർഡ് കൗൺസിലർ അരുൺകുമാർ പാലക്കുറിശ്ശിയുടെ ഇടപെടലിനെത്തുടർന്നാണ് സംഭവം പുറത്തറിയുന്നത്.

പൂട്ടിയ നിലയിലായിരുന്ന വീട് നഗരസഭാചെയർമാന്റെയും വാർഡ് കൗൺസിലറുടെയും സാന്നിധ്യത്തിൽ, മകൾ തങ്കമ്മയെ വിളിച്ചുവരുത്തി തുറപ്പിക്കുകയായിരുന്നു. അവശനിലയിലായ പൊന്നുചെട്ടിയാർക്ക് വെള്ളവും ഭക്ഷണവും നൽകി. തന്റെ വീട്ടിലേക്ക് അച്ഛൻ വരാൻ തയ്യാറാകുന്നില്ലെന്നും സഹോദരൻ അച്ഛനെ നോക്കാറില്ലെന്നും മകൾ തങ്കമ്മ പറഞ്ഞു. ഇത്തരത്തിലുള്ള പ്രവർത്തനം തുടർന്നാൽ കർശനനടപടിയെടുക്കുമെന്ന് ചെയർമാൻ മുന്നറിയിപ്പ് നൽകി.

മക്കൾ നോക്കാൻ തയ്യാറല്ലെങ്കിൽ സ്വത്തുവകകൾ മുഴുവൻ തിരിച്ചുപിടിക്കാൻ വേണ്ട നടപടി സ്വീകരിക്കുമെന്നും വാർഡിലെ അംഗമെന്ന നിലയിൽ അദ്ദേഹത്തെ സംരക്ഷിക്കുമെന്നും വാർഡ് അംഗം അരുൺകുമാർ പാലക്കുറിശ്ശി പറഞ്ഞു. പ്രശ്നം പുറത്തറിഞ്ഞതോടെ പൊന്നുചെട്ടിയാരെ തത്‌കാലം മകളുടെ വീട്ടിലേക്ക് കൊണ്ടുപോകാൻ തീരുമാനിച്ചിട്ടുണ്ട്.

അടുത്ത ദിവസംതന്നെ മകനെയും മകളെയും വിളിച്ചുവരുത്തി വയോധികന്റെ സംരക്ഷണകാര്യങ്ങൾ തീരുമാനിക്കുമെന്ന് വാർഡ് അംഗം പറഞ്ഞു.