കോയമ്പത്തൂർ: വീട്ടിൽ പ്രത്യേകം ശൗചാലയം ഇല്ലാത്തതിൽ പ്രതിഷേധിച്ച് ഭാര്യ സ്വന്തം വീട്ടിലേക്ക് പോയതിൽ മനംനൊന്ത് യുവാവ് ജീവനൊടുക്കി. വിവാഹം കഴിഞ്ഞതിന്റെ പിറ്റേദിവസമാണ് ഭാര്യ പിണങ്ങിപ്പോയത്. സേലത്തിനുസമീപം കോട്ടെഗൗണ്ടംപട്ടി ഗ്രാമത്തിലാണ് സംഭവം.

പ്രണയത്തിലായിരുന്ന സെല്ലാദുരെയും ദീപയും സെപ്റ്റംബർ 23-നാണ് ഓമല്ലൂരിലെ ക്ഷേത്രത്തിൽ വിവാഹിതരായത്. ഗ്രാമത്തിന് പൊതുവായി ശൗചാലയങ്ങളുണ്ടെങ്കിലും സെല്ലാദുരെയുടെ വീട്ടിൽ പ്രത്യേകം ശൗചാലയം ഉണ്ടായിരുന്നില്ല. വിവാഹനാൾ തന്നെ ഇതിനായി വെളിയിൽ പോകുന്നതിലുള്ള എതിർപ്പ് ദീപ പ്രകടിപ്പിച്ചിരുന്നു. പിറ്റേദിവസം യുവതി സ്വന്തം വീട്ടിലേക്ക് തിരിച്ചുപോയി.

ശൗചാലയം നിർമിച്ചശേഷം തിരിച്ചുവരാമെന്നുപറഞ്ഞായിരുന്നു പോയത്‌. പിന്നീട്‌, കഴിഞ്ഞദിവസം ഗ്രാമത്തിലെ കുളത്തിലാണ്‌ സെല്ലാദുരെയുടെ മൃതദേഹം കണ്ടെത്തിയത്‌. ഭാര്യ തിരിച്ചുപോയതിൽ മനംനൊന്ത് യുവാവ് ജീവനൊടുക്കുകയായിരുന്നുവെന്ന് പറയുന്നു. 385 ഗ്രാമങ്ങളിലായി 2,68876 ജനങ്ങൾ താമസിക്കുന്ന സേലം ശുചിത്വ ഭാരത മിഷൻ പദ്ധതിപ്രകാരം പൊതുസ്ഥല വിസർജ്യവിമുക്തമാണെന്ന് സർക്കാർരേഖ പറയുന്നു. ഇതുസംബന്ധിച്ച്‌ അന്വേഷിക്കാൻ കളക്ടർ രോഹിണി ആർ. ബജ്ജിബാഗ്‌റെ ഉത്തരവിട്ടു.