നെന്മാറ: ഉരുൾപൊട്ടിയതിനെത്തുടർന്ന് നെല്ലിയാമ്പതി ചുരംപാതയിൽ വീണുകിടക്കുന്ന പാറക്കഷ്ണങ്ങളും മണ്ണും നീക്കിത്തുടങ്ങി. തിങ്കളാഴ്ച പുലർച്ചെ ഉരുൾപൊട്ടിയ ചെറുനെല്ലിക്ക്‌ സമീപമുള്ള ഭാഗത്തെ ചുരംപാതയിലെ തടസ്സങ്ങളാണ് പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തിൽ നീക്കിത്തുടങ്ങിയത്.

ചെറുനെല്ലി കുടിവെള്ളപദ്ധതിക്ക്‌ സമീപത്തായാണ് വലിയ ഉരുൾപൊട്ടലുണ്ടായത്. പാറക്കല്ലുകളും മണ്ണും മരങ്ങളും ചുരം പാതയിൽ നാനൂറുമീറ്ററോളം ഒഴുകിയെത്തി. തിങ്കളാഴ്ച ജെ.സി.ബി. ഉപയോഗിച്ച് ഭാഗികമായി നീക്കി ചെറുവാഹനങ്ങൾ കടന്നുപോകുന്ന രീതിയിൽ സൗകര്യമൊരുക്കിയിരുന്നു. ഓഗസ്റ്റ് 16-ന് ഉരുൾപൊട്ടിയതിന്‌ സമീപത്താണ് തിങ്കളാഴ്ച വീണ്ടും പൊട്ടിയത്. ഉരുൾപൊട്ടിയതിനെത്തുടർന്ന് ചെറുനെല്ലി ആദിവാസി കോളനിയിലേക്കുള്ള കുടിവെള്ളപദ്ധതിയുടെ കുഴലുകളും തകർന്നു.

താത്‌കാലികമായി വാഹനങ്ങൾ കടന്നുപോകുന്നതിനായി മരപ്പാലത്തിന്‌ മുകൾഭാഗം മുതൽ ചെറുനെല്ലിക്ക്‌ സമീപംവരെ ചുരംപാതയ്ക്ക് ഇരുവശത്തും പാറക്കല്ലുകളും മണ്ണും കൂട്ടിയിട്ടിരിക്കുകയാണ്.

കനത്ത മഴപെയ്താൽ പാതയ്ക്കുതാഴെ ചെറുനെല്ലി ആദിവാസി കോളിനിയുള്ളതിനാൽ ഇവ പൂർണമായും ഈ ഭാഗത്തുനിന്ന് മാറ്റണമെന്ന് അസി. എൻജിനീയർ വിഷ്ണു പ്രതീപൻ പറഞ്ഞു.

നെല്ലിയാമ്പതിയിൽ മഴ തുടരുന്നതിനാൽ ഉരുൾപൊട്ടിയ ഭാഗങ്ങളിലുള്ള കല്ലും മണ്ണും ചെറിയതോതിൽ പാതയിലേക്ക് ഇറങ്ങിത്തുടങ്ങി. ഇത് കൂടുതൽ അപകടഭീഷണിയാക്കുന്നുണ്ട്. തടസ്സപ്പെട്ട വൈദ്യുതിവിതരണം ചൊവ്വാഴ്ച പുനഃസ്ഥാപിച്ചു. ചൊവ്വാഴ്ച ഉച്ചയോടെ ബി.എസ്.എൻ.എൽ. ടവറുകൾ പ്രവർത്തിക്കാൻ തുടങ്ങിയതോടെ ഫോണുകൾ പ്രവർത്തിച്ചുതുടങ്ങി. ഉരുൾപൊട്ടിയ ഭാഗത്തുള്ള വലിയ പാറക്കഷ്ണങ്ങൾ പൊട്ടിച്ചുനീക്കി, പാതയിലെ തടസ്സങ്ങൾ പൂർണമായി മാറ്റുന്നതുവരെ സഞ്ചാരികൾക്കുള്ള നിയന്ത്രണം തുടരും.

പൊത്തുണ്ടി ഷട്ടറുകൾ വീണ്ടും ഉയർത്തി

നെല്ലിയാമ്പതി മലനിരകളിൽ ശക്തമായ മഴപെയ്യുന്നതിനാൽ പോത്തുണ്ടി ഡാമിലേക്കുള്ള നീരൊഴുക്ക് വർധിച്ചു. ഇതോടെ ഡാമിലെ മൂന്ന് ഷട്ടറുകളും 12 സെന്റീമീറ്ററാക്കി ഉയർത്തി. തിങ്കളാഴ്ച പുലർച്ചെ നാലര സെന്റീമീറ്ററാണ് എല്ലാ ഷട്ടറുകളും തുറന്നിരുന്നത്. എന്നാൽ, ജലനിരപ്പ് ക്രമാതീതമായി ഉയരുന്നതിനാൽ ചൊവ്വാഴ്ച വീണ്ടും ഷട്ടറുകൾ ഉയർത്തി.