അളുവശ്ശേരി (നെന്മാറ): കൺമുന്നിൽ നടന്ന ദുരന്തം ഒാർത്തെടുക്കുമ്പോൾ ചേരുകാട് പൂന്തോട്ടത്തിൽ ചന്ദ്രന് വിറയൽ മാറുന്നില്ല. വ്യാഴാഴ്ച രാവിലെ ആറര. ചെറിയ ചാറ്റൽമഴയുണ്ട്. സ്ഥിരമായി സമീപത്തെ കൃഷിയിടത്തേക്ക് പോകുന്ന പതിവുണ്ട് ചന്ദ്രന്. നടന്നാണ് പോവാറ്. വ്യാഴാഴ്ചയും പതിവുപോലെ ഇറങ്ങിയതാണ്. ഞെട്ടിപ്പിക്കുന്ന ശബ്ദംകേട്ടതുമാത്രമാണ് ഒാർമ. ആതവനാട് മലയുടെ ഒരുഭാഗം ഇടിഞ്ഞുതകർന്ന് പുറത്തേക്ക് കുത്തിയൊലിക്കുന്നു. അല്പനേരം, പിന്നെയൊന്നും ഒാർമയില്ല. ശ്വാസം നിലച്ചതുപോലെയാണ് ആദ്യം തോന്നിയത്. മലയുടെ താഴെയുള്ള വീടുകളിൽ ചെളിമൂടുന്നത്‌ കണ്ടപ്പോഴാണ് സ്വബോധമുണ്ടായത്.

നിലവിളിയല്ല അലർച്ചയായിരുന്നു. പിന്നെ എങ്ങനെയൊക്കെയോ എല്ലാവരെയും വിളിച്ചുപറഞ്ഞു. ‘എനിക്കറിയില്ല, നെന്മാറ ദേശത്ത് ഇൗ പൊട്ടിത്തെറിയുടെ ശബ്ദം കേൾക്കാത്തവർ ആരുമുണ്ടാവില്ല അത്രയ്ക്ക് വലിയ പ്രകമ്പനമായിരുന്നു. അവിടെ വീടുകളിൽനിന്ന് ഒരു നിലവിളിപോലും കേട്ടിരുന്നില്ല. എന്റെ ചങ്കിൽ ഇപ്പോഴുമുണ്ട്‌.. ആ മുഴക്കം. ഞാനാണ് മണികണ്ഠന്റെ വീട്ടിൽ ആളുകൾ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് പറഞ്ഞത്’.

നാട്ടുകാരും പോലീസും, ഫയർഫോഴ്സും അവിടെയെത്തിയില്ലായിരുന്നെങ്കിൽ അവരും.. ചന്ദ്രൻ പറഞ്ഞുനിർത്തി. പിഞ്ചുകുഞ്ഞിന്റെ ചേതനയറ്റ ശരീരമടക്കം കൺമുന്നിലൂടെ കൊണ്ടുപോകുമ്പോൾ ചന്ദ്രൻ വെറുങ്ങലിച്ചുനിന്നു. കൂലിത്തൊഴിലാളിയായ ചന്ദ്രൻ (55) വർഷങ്ങളായി ചേരുകാടാണ് താമസിക്കുന്നത്.