നെല്ലിയാമ്പതി: മഴ ശക്തമായതോടെ നെല്ലിയാമ്പതി ചുരംപാതയിൽ കൂടുതൽ ഭാഗങ്ങൾ തകരുന്നു. ഉരുൾപൊട്ടിയ ഭാഗങ്ങളിൽനിന്ന്‌ വെള്ളം കുത്തിയൊലിച്ച് ഒഴുകുന്നതാണ് പാത തകരാൻ കാരണമാകുന്നത്. പാതയോരങ്ങളിലെ ചെറുവെള്ളച്ചാട്ടങ്ങൾ ഗതിമാറി കവിഞ്ഞ് പാതയിലൂടെ കുത്തിയൊലിക്കയാണ്. ഇതുമൂലം ടാറിങ് പൂർണമായും പലഭാഗങ്ങളിലും ഒലിച്ചുപോയി. കുണ്ടറച്ചോലയ്ക്ക് മുകൾഭാഗത്താണ് പാത പൂർണമായും ഒലിച്ചുപോയത്.

കഴിഞ്ഞവർഷം ഉരുൾപൊട്ടിയഭാഗത്തുനിന്ന് നീരൊഴുക്ക് ശക്തമായതോടെ വെള്ളം പാതയിലൂടെയാണ് കുത്തിയൊലിക്കുന്നത്. വെള്ളപ്പാച്ചിലിൽ പാതയിൽ കുഴികളും ഉണ്ടായിട്ടുണ്ട്. ടാറിങ് ഒലിച്ചുപോയ ഭാഗങ്ങളിൽ മണ്ണും കുത്തിയൊലിച്ചുപോകുന്നത് അപകടഭീഷണിയാകുന്നുണ്ട്. തിങ്കളാഴ്ച വൈകീട്ടോടെ ചെറുനെല്ലിക്ക് മുകൾഭാഗത്ത് മരംവീണും ഒരുമണിക്കൂർ ഗതാഗതം മുടങ്ങി.