നെല്ലിയാമ്പതി: പ്രളയസമയത്ത് ഉരുൾപൊട്ടിയും മണ്ണിടിഞ്ഞും തകർന്നുപോയ നെല്ലിയാമ്പതിചുരം പാതയിലെ സംരക്ഷണഭിത്തിയുടെ ആദ്യഘട്ടനിർമാണം പൂർത്തിയാകുന്നു.

കുണ്ടറച്ചോലയ്ക്ക് മുകൾഭാഗത്തും ചെറുനെല്ലിക്ക്‌ സമീപവുമായി രണ്ടിടങ്ങളിലാണ് ഇപ്പോൾ സംരക്ഷണഭിത്തി നിർമാണം പൂർത്തിയായത്. പാത പൂർണമായും തകരുകയും ഇടിഞ്ഞുപോവുകയും ചെയ്ത ഭാഗങ്ങളിലാണ് പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തിൽ സംരക്ഷണഭിത്തി നിർമിക്കുന്നത്.

പോത്തുണ്ടിമുതൽ കൈകാട്ടിവരെയുള്ള 12 ഭാഗങ്ങളിലാണ് സംരക്ഷണഭിത്തി നിർമിക്കേണ്ടത്. ഇതിൽ ആദ്യഘട്ടത്തിൽ കൂടുതൽ തകർന്ന ഒമ്പതിടങ്ങളിലാണ് കോൺക്രീറ്റ്ഭിത്തി പണിയാൻ പദ്ധതി തയ്യാറാക്കിയത്. ഇതിൽ തുടക്കത്തിൽ അംഗീകാരംലഭിച്ച രണ്ട്‌ പ്രവൃത്തിയാണ് ഇപ്പോൾ പൂർത്തിയായത്.

മറ്റിടങ്ങളിൽ നിർമാണ പ്രവൃത്തിക്കായി ഭരണാനുമതി ലഭിച്ചിട്ടുണ്ട്. 25 ലക്ഷംരൂപയ്ക്ക് മുകളിൽ ചെയ്യുന്ന പ്രവൃത്തിക്ക്‌ സർക്കാരിന്റെ ഭരണാനുമതി ലഭിക്കാൻ വൈകിയതോടെയാണ് ഭിത്തിനിർമാണം നീണ്ടുപോയത്. ഇപ്പോൾ ഭരണാനുമതി ലഭിച്ച മൂന്ന് പ്രവൃത്തികൂടി ഉടൻ ആരംഭിക്കുമെന്ന് പൊതുമരാമത്ത് അധികൃതർ പറഞ്ഞു.

ചുരംപാതയുടെ നിർമാണം ’റീ ബിൽഡ് കേരള’ പദ്ധതിയിലുൾപ്പെടുത്തി നിർമിക്കാനാണ് സർക്കാർ തീരുമാനം.

കുണ്ടറച്ചോല പാലം നിർമാണോദ്ഘാടനം 24-ന്

ഉരുൾപൊട്ടി തകർന്നുപോയ കുണ്ടറച്ചോല കലുങ്കിന് പകരം നിർമിക്കുന്ന പാലത്തിന്റെ നിർമാണോദ്ഘാടനം 24-ന് മന്ത്രി കെ. കൃഷ്ണൻകുട്ടി നിർവഹിക്കും. ഒന്നരക്കോടിരൂപ ചെലവിൽ 10 മീറ്റർ നീളത്തിലും വീതിയിലുമായാണ് പുതിയ പാലം നിർമിക്കുന്നത്. പാലം നിർമിക്കുന്നതിനുമുമ്പായി ഗതാഗതം മുടങ്ങാതിരിക്കാൻ ബദൽപാതയും നിർമിക്കും.