നെല്ലിയാമ്പതി: ഓഗസ്റ്റ് 16-ന് നെല്ലിയാമ്പതി ഒറ്റപ്പെട്ട മണ്ണിടിച്ചിലിനും ഉരുൾപൊട്ടലിനുമൊപ്പം തോട്ടംമേഖലയിലും വ്യാപകമായി ഉരുൾപൊട്ടി. ഇതോടെ നെല്ലിയാമ്പതിയിലെ ഏഴ് പാടിയും ഒൻപത് തോട്ടംമേഖലയും ഒറ്റപ്പെട്ടു.

ഈ ഭാഗത്തെ 120 കുടുംബങ്ങളാണ് ഒറ്റപ്പെട്ടുകഴിയുന്നത്. വിക്ടോറിയ, കാരപ്പാറ, ബ്രൂക്ക് ലാൻഡ്‌, അലക്‌സാൺട്രിയ, ബിയാട്രീസ് തുടങ്ങിയ ഭാഗങ്ങളിലെ തേയിലത്തോട്ടങ്ങളിലും കാപ്പിത്തോട്ടങ്ങളിലുമുൾപ്പെടെ 17 ഭാഗങ്ങളിലാണ് ഉരുൾപൊട്ടലും വ്യാപകമായ മണ്ണിടിച്ചിലും ഉണ്ടായിട്ടുള്ളത്. വാർത്താവിനിമയബന്ധം നഷ്ടപ്പെട്ടതോടെ നെല്ലിയാന്പതിയിലെ ഉൾപ്രദേശങ്ങളിലെ ഈ ഒറ്റപ്പെടൽ പുറംലോകം അറിയാതെപോയി. കഴിഞ്ഞദിവസം ഡോ. സതീഷിന്റെ നേതൃത്വത്തിൽ മെഡിക്കൽ ക്യാമ്പ് നടത്താനായി ഈ പാടികളിലെത്തിയപ്പോഴാണ് ഉരുൾപൊട്ടിയ കാര്യം പുറത്തറിയുന്നത്.

ചുരംറോ‍ഡ് തകർന്ന് ഇതോടെ ഈ ഭാഗത്തേക്കുള്ള വഴി, വൈദ്യുതി, ടെലിഫോൺ ബന്ധം എന്നിവ ഇല്ലാതായി. 12 ദിവസമായി ഇവിടം ഒറ്റപ്പെട്ടുകിടക്കയാണ്. കൈകാട്ടിയിൽനിന്ന് 19 കിലോമീറ്റർ അകലെയാണ് ഈ പാടികളും തോട്ടങ്ങളുമുള്ളത്. വഴിയില്ലാത്തതിനാൽ നെല്ലിയാമ്പതിയിലെത്തിച്ചുള്ള ഭക്ഷ്യധാന്യങ്ങൾ ഈ ഭാഗത്തേക്കെത്തിക്കാനും കഴിഞ്ഞിട്ടില്ല. ബ്രൂക്ക്‌ലാൻഡിലെ തൊഴിലാളികൾ താമസിക്കുന്ന പാടിക്കുസമീപം വൻ മണ്ണിടിച്ചിലാണ് ഉണ്ടായിട്ടുളളത്. 150 മീറ്റർ വീതിയിൽ ഒന്നരക്കിലോമീറ്ററാണ് ഉരുൾപൊട്ടി മലയില്ലാതായിട്ടുള്ളത്. ഇതിന്‌ മുകളിലായി മറുനാടൻ തൊഴിലാളികൾ ഉൾപ്പെടെയുള്ളവരുടെ 13 കുടുംബങ്ങളാണ് താമസിക്കുന്നത്. ഉരുൾപൊട്ടലിൽ മൂന്ന്‌ വീടുകൾ ഭാഗികമായി തകർന്നു.

നെല്ലിയാമ്പതിയിൽ ഇപ്പോഴും ശക്തമായ മഴ തുടരുന്നതിനാൽ ഉരുൾപൊട്ടിയ കുന്നിൽനിന്ന് മണ്ണിടിച്ചിൽ തുടരുന്നത് പാടിയിലെ വീടുകളെ ബാധിക്കും. അലക്‌സാൻട്രിയയിൽ വൻതോതിൽ ഭൂമി വിണ്ടുകീറി. മിക്കഭാഗങ്ങളിലും 10 അടിയോളം താഴ്ചയിലാണ് ഭൂമി വിണ്ടുകീറിയിട്ടുള്ളത്. പാതയുൾപ്പെടെ വിണ്ടുകീറി താണുപോയതിനാൽ ഇതിലൂടെയുള്ള ഗതാഗതവും മുടങ്ങിയിരിക്കയാണ്.

നൂറടിപ്പുഴ നിറഞ്ഞൊഴുകി വിക്ടോറിയയിലേക്കുള്ള വഴിയിലും കാരപ്പാറയിലേക്കുള്ള വഴിയിലും മണ്ണിടിഞ്ഞ് പാത ഒലിച്ചുപോയി. ഇതോടെ ജീപ്പുപോലും പോകാൻകഴിയാത്ത അവസ്ഥയാണ്. ഉരുൾപൊട്ടി തകർന്ന പാടികളും ഭൂമി വിണ്ടുകീറിയ ഭാഗങ്ങളും കെ. ബാബു എം.എൽ.എ.യുടെ നേതൃത്വത്തിൽ സന്ദർശിച്ചു. ഇതുസംബന്ധിച്ച് കൂടുതൽ അന്വേഷണം നടത്താൻ ജിയോളജിവകുപ്പിനോട് ആവശ്യപ്പെടുമെന്ന്‌ അദ്ദേഹം പറഞ്ഞു.