പാലക്കാട്: നാരോ ഗേജ് പാളത്തിലൂടെ യാത്ര ചെയ്ത കാലം പുതിയ തലമുറയെ ഓർമിപ്പിച്ചുകൊണ്ട് നാരോ ഗേജ് കോച്ച് പാലക്കാട്ടെത്തി. പശ്ചിമ റെയിൽവേയിലെ വഡോദര ഡിവിഷനിലെ പ്രതാപ് നഗറിൽനിന്നാണ് പൈതൃക കോച്ച് പാലക്കാട്ടെത്തിച്ചത്.
പാലക്കാട് റെയിൽവേ കോളനിയിലെ പാലക്കാട് ഡിവിഷന്റെ മൾട്ടി ഡിസിപ്ലിനറി ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ പരിശീലനത്തിനെത്തുന്നവർക്ക് പഠിക്കാനും സന്ദർശകർക്ക് നാരോ ഗേജ് കാലത്തെക്കുറിച്ചറിയാനും ഇത് പ്രയോജനപ്പെടും. രണ്ട് അടി ആറിഞ്ച് വീതിയുള്ള പാളങ്ങളിലൂടെ ഓടിയിരുന്ന വണ്ടികളാണ് നാരോ ഗേജ് വണ്ടികൾ. അതിനുശേഷം മീറ്റർ ഗേജ് കാലത്തേക്കും ബ്രോഡ് ഗേജ് കാലം കഴിഞ്ഞ് മെട്രോ കാലത്തേക്കും റെയിൽവേ വളർന്നു.
ഗാർഡ് റൂം ഉൾപ്പെടുന്ന ലഗേജ്-കം-ബ്രേക്ക് അപ് വാൻ കോച്ചാണ് പാലക്കാട്ടെത്തിച്ചത്. 32 മുതൽ 42 വരെ യാത്രക്കാർക്ക് ഇതിൽ ഇരുന്ന് യാത്ര ചെയ്യാനാവും. പാലക്കാട് ജങ്‌ഷൻ റെയിൽവേസ്റ്റേഷനുമുന്നിലും ഡിവിഷൻ ഓഫീസിന്റെ മുന്നിലുമായി രണ്ട് പൈതൃക എൻജിനുകൾ ഇതിനകം സ്ഥാനം പിടിച്ചിട്ടുണ്ട്. ചൊവ്വാഴ്ച രാവിലെ വലിയ ട്രെയിലറിൽ ഒലവക്കോട്ടെത്തിച്ചെങ്കിലും റെയിൽവേ ഗ്രൗണ്ടിനടുത്തുള്ള ഇൻസ്റ്റിറ്റ്യൂട്ട് കെട്ടിടത്തിലേക്ക് നീക്കാൻ പ്രായോഗിക ബുദ്ധിമുട്ടുകളുണ്ട്. ഇത് പരിഹരിച്ചശേഷം കോച്ച് അങ്ങോട്ട് കൊണ്ടുപോവുമെന്ന് അധികൃതർ പറഞ്ഞു.