മുതുതല: പഞ്ചായത്തിലെ കാരക്കുത്ത് കോൽക്കുന്നിൽ ക്വാറി ആരംഭിക്കാൻ സ്വകാര്യവ്യക്തി നേടിയ അനുമതി ഹൈക്കോടതി താത്‌കാലികമായി സ്റ്റേ ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കോടതിയിൽ നൽകിയ ഹർജിയുടെ അടിസ്ഥാനത്തിലാണ് നടപടി. 14-ന് കേസിൽ കോടതി വാദംകേൾക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് സി.എം. നീലകണ്ഠൻ, ബ്ലോക്ക് പഞ്ചായത്തംഗം എ. വരുൺ രഘുനാഥ്, സി.പി.എം. ഏരിയാ സെക്രട്ടറി എൻ.പി. വിനയകുമാർ എന്നിവർ പറഞ്ഞു.

കോൽക്കുന്നിൽ ക്വാറിയാരംഭിക്കാൻ സ്വകാര്യവ്യക്തി അനധികൃതമായി രേഖകൾ ഉണ്ടാക്കിയാണ് ബന്ധപ്പെട്ടവർക്ക് നൽകിയതെന്നും പഞ്ചായത്തിൽനിന്ന്‌ ഇതുവരെയും അനുമതി നൽകിയിട്ടില്ലെന്നും പറഞ്ഞു. ജനവാസകേന്ദ്രത്തിൽ ക്വാറി ആരംഭിക്കുന്നതിനെതിരേ ജനകീയപ്രതിഷേധം നിലനിൽക്കുന്നുണ്ട്. കഴിഞ്ഞ പ്രളയത്തിൽ കുന്നിൽ ഉരുൾപൊട്ടലിന് സമാനമായി മണ്ണിടിച്ചിൽ ഉണ്ടായതാണ്. ഇത് പ്രദേശവാസികൾക്ക് വലിയ ദുരിതമാണ് ഉണ്ടാക്കിയത്. ഈ സാഹചര്യത്തിലാണ് ക്വാറിയാരംഭിക്കാൻ നൽകിയ അനുമതി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് പ്രസിഡന്റ് കോടതിയെ സമീപിച്ചത്.

ക്വാറിക്ക് ലൈസൻസ് നൽകിയ ഏഴോളം വകുപ്പുകൾക്ക്‌ അനുമതി നൽകിയത് പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് ഹർജി നൽകിയിട്ടുണ്ട്. ക്വാറിക്കെതിരേ നിയമനടപടി നടത്താൻ ക്വാറിസംരക്ഷണ സമിതിയുടെ പേരിൽ അനധികൃത പണപ്പിരിവ് നടത്തുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും പ്രദേശവാസികൾ ഇതിൽ അകപ്പെടരുതെന്നും അവർ പറഞ്ഞു.