മുതുതല: സമ്പൂർണ ശുചിത്വ പഞ്ചായത്തെന്ന ലക്ഷ്യത്തോടെ മുതുതല പഞ്ചായത്തിൽ നടപ്പാക്കുന്ന വിശുദ്ധിപദ്ധതിയുടെ രണ്ടാംഘട്ടഭാഗമായി ശേഖരിച്ച മാലിന്യം കയറ്റിയയച്ചുതുടങ്ങി. ശേഖരിച്ച മുഴുവൻ മാലിന്യവും രണ്ടുദിവസത്തിനകം കയറ്റിയയയ്ക്കാനാണ് പദ്ധതി.

ദേശീയ ഹരിത ട്രൈബ്യൂണലിന്റെ ഉത്തരവുപ്രകാരം സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡും ഹരിതകേരള മിഷനും ശുചിത്വമിഷനും ചേർന്ന് മാലിന്യ രഹിത പഞ്ചായത്താക്കുന്നതിന് മുതുതലയെ തിരഞ്ഞെടുത്തിരുന്നു. ഇതിന്റെ ഭാഗമായാണ് കഴിഞ്ഞവർഷം മുതൽ വിശുദ്ധിപദ്ധതി ആരംഭിച്ചത്. വീടുകളിൽ നിന്നും വ്യാപാരസ്ഥാപനങ്ങളിൽനിന്നും നിശ്ചിതതുക ഈടാക്കിയാണ് ജൈവമാലിന്യം സ്വീകരിക്കുന്നത്. മാലിന്യം നിശ്ചിതസ്ഥലത്തെത്തിച്ചാണ് ശേഖരിക്കുന്നത്.

ഇങ്ങനെ ശേഖരിച്ച മാലിന്യം സ്‌ക്രാപ്പ് മർച്ചന്റ്സ്‌ അസോസിയേഷന്റെ സഹകരണത്തോടെയാണ് കൊണ്ടുപോകുന്നത്. മാലിന്യം തരംതിരിച്ച് എറ്റവും യോജിച്ചരീതിയിൽ പുനരുപയോഗിക്കാനും പുനഃചംക്രമണം നടത്താനും സംസ്കരിക്കാനുമാണ് പദ്ധതി.

പദ്ധതിയുടെ ഒന്നാംഘട്ടത്തിൽ 32 ലോഡ് മാലിന്യമാണ് പഞ്ചായത്തിൽനിന്ന്‌ കയറ്റി അയച്ചത്. പദ്ധതി തുടങ്ങിയതുമൂലം മഞ്ഞപ്പിത്തം, ഡെങ്കിപ്പനി തുടങ്ങിയ രോഗങ്ങൾ കഴിഞ്ഞ ഒന്നരവർഷത്തിനിടെ പഞ്ചായത്തിൽ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് പഞ്ചായത്ത് പ്രസിഡന്റ് സി.എം. നീലകണ്ഠൻ പറഞ്ഞു.