മുതുതല: ശാരീരികപ്രയാസങ്ങളാൽ വിദ്യാലയത്തിലെത്താൻ കഴിയാതെ കിടപ്പിലായ ഭിന്നശേഷിക്കാരെ തേടി ഓണച്ചങ്ങാതി എത്തുന്നു. കിടപ്പിലായ 20 കുട്ടികൾക്ക് അവരുടെ വീടുകളിലെത്തി പഠനോപകരണങ്ങളും ഓണക്കിറ്റും നൽകുന്ന പദ്ധതിയാണ് പട്ടാമ്പി ബി.ആർ.സി.യുടെ നേതൃത്വത്തിൽ ഓണച്ചങ്ങാതി എന്ന പേരിൽ നടപ്പാക്കുന്നത്. ഇതിന്റെ ബ്ലോക്ക്‌തല ഉദ്ഘാടനം മുതുതല എ.യു.പി. സ്കൂളിലെ ടി. അനശ്വരയുടെ വീട്ടിലെത്തി പട്ടാമ്പി ബ്ലോക്ക് പ്രോഗ്രാം കോ-ഓർഡിനേറ്റർ വേണുഗോപാലൻ നിർവഹിച്ചു. ട്രെയ്‌നർമാർ, റിസോഴ്‌സ് അധ്യാപകർ, ക്ലസ്റ്റർ കോ-ഓർഡിനേറ്റർമാർ എന്നിവർ പ്രോഗ്രാമിന് നേതൃത്വം നൽകി. കുട്ടികളോടൊപ്പം ഓണപ്പാട്ടുകളും ഓണക്കളികളുമായി ബി.ആർ.സി. പ്രവർത്തകർ കുട്ടികൾക്ക് ആവേശം പകർന്നു.