മുതുതല: കനത്തമഴയിൽ ഉരുൾപൊട്ടിയ മുതുതല കാരക്കുത്ത് റോഡിലേക്ക് ഇറങ്ങിയ മണ്ണും കല്ലുമെല്ലാം നീക്കിത്തുടങ്ങി. പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തിലാണ് നടപടി ആരംഭിച്ചിരിക്കുന്നത്. കഴിഞ്ഞദിവസം റോഡിൽ വന്നടിഞ്ഞ മണ്ണ് ഉടൻ നീക്കംചെയ്യാൻ മന്ത്രി നിർദേശിച്ചിരുന്നു.

വെള്ളിയാഴ്ച ഉച്ചയോടെയാണ് കാരക്കുത്ത് കോൽക്കുന്നിൽ ഉരുൾപൊട്ടിയത്. കോൽക്കുന്നിൽ പഞ്ചായത്തിലെ കുടിവെള്ളപദ്ധതിയോടുചേർന്നായിരുന്നു ഉരുൾപൊട്ടൽ. വൻതോതിൽ കല്ലുംമണ്ണും വെള്ളവുമെല്ലാം താഴ്‌വാരത്തേക്ക് ഒഴുകിയെത്തി. വീടുകളുടെ ഒഴിഞ്ഞ ഭാഗത്തുകൂടിയായിരുന്നു കല്ലും മണ്ണും ഒഴുകിയെത്തിയത് എന്നതുകൊണ്ട് ആളപായമൊന്നും സംഭവിച്ചില്ല. കല്ലും മണ്ണും പള്ളിപ്പുറം-മുതുതല പാതയിലാണ് വന്നടിഞ്ഞത്. അന്നുതന്നെ നാട്ടുകാരുടെ നേതൃത്വത്തിൽ റോഡിൽനിന്ന്‌ ചെറിയതോതിൽ മണ്ണ് നീക്കംചെയ്തു.

എന്നാൽ, ബസ്സുകൾക്ക് പോകാൻ കഴിഞ്ഞിരുന്നില്ല. കഴിഞ്ഞദിവസം സ്ഥലം സന്ദർശിച്ച മന്ത്രി എ.കെ. ബാലൻ റോഡിലെ കല്ലും മണ്ണും അടിയന്തരമായി നീക്കംചെയ്യാൻ പൊതുമരാമത്ത് വകുപ്പിനോട് ആവശ്യപ്പെടുകയായിരുന്നു. മണ്ണ് പൂർണമായും നീക്കംചെയ്യാൻ രണ്ടുദിവസമെടുക്കും. പാതയിലൂടെ വാഹനഗതാഗതം പുനഃനാരംഭിച്ചു.