മുതുതല: മഴപെയ്താൽ റോഡിൽ മലിനജലം നിറയുന്നതിന്റെ ദുരിതവുമായി നൂറോളം കുടുംബങ്ങൾ. മുതുതല പഞ്ചായത്തിലെ പെരുമുടിയൂർ പുതിയ ഗേറ്റിന് സമീപത്തുള്ളവരാണ് വർഷങ്ങളായി വെള്ളക്കെട്ടുകാരണം ദുരിതമനുഭവിക്കുന്നത്.

റോഡിനോട് ചേർന്നുള്ള സ്വകാര്യവ്യക്തികളുടെ സ്ഥലത്തെ വെള്ളക്കെട്ടാണ് റോഡിലേക്കും എത്തുന്നത്. പട്ടാമ്പി-പള്ളിപ്പുറം പാതയിലെ പെരുമൂടിയൂർ പുതിയ ഗേറ്റിന് സമീപത്താണ് മലിനജലം കെട്ടിനിൽക്കുന്നത്.

മുതുതല പഞ്ചായത്തിലെ എട്ടാം വാർഡ് ഉൾപ്പെടുന്ന പ്രദേശത്താണ് ഈ അവസ്ഥ. നൂറോളം കുടുംബങ്ങൾ തിങ്ങിപ്പാർക്കുന്ന പ്രദേശത്തേക്ക് പ്രധാനപാതയിൽ നിന്നുള്ള ചെറിയ റോഡിലാണ് വെള്ളക്കെട്ട്. തൊട്ടടുത്ത് സ്വകാര്യവ്യക്തിയുടെ സ്ഥലം വർഷങ്ങളായി ഉപയോഗശൂന്യമായി കിടക്കുകയാണ്. ഇതിലാണ് പലരും മാലിന്യം തള്ളുന്നത്.

മഴ പെയ്യുന്നതോടെ ഈ സ്ഥലത്ത് വെള്ളം നിറഞ്ഞ് മാലിന്യം വെള്ളത്തിൽ കലർന്ന് കിടക്കുകയാണ്. സ്ഥലത്ത് വെള്ളം നിറഞ്ഞതോടെയാണ് സമീപത്തെ റോഡിലേക്ക് വെള്ളം കയറിയത്. ഈ വെള്ളത്തിലൂടെ കാൽനടയായി കുട്ടികളടക്കമുള്ളവർ വീടുകളിലേക്ക് പോകേണ്ട അവസ്ഥയാണ്.

മലിനജലത്തിലൂടെയുള്ള യാത്ര ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾക്ക് ഇടവരുത്തുമെന്ന ഭയവും ഇവിടത്തുകാർക്കുണ്ട്. മഴ കുറയുമ്പോൾ റോഡിലേക്ക് കയറുന്ന വെള്ളം ഇറങ്ങുമെങ്കിലും സ്വകാര്യവ്യക്തികളുടെ സ്ഥലത്ത് വെള്ളക്കെട്ട് നിലനിൽക്കുന്ന അവസ്ഥയാണ്. നാട്ടുകാരുടെ പരാതിയെത്തുടർന്ന് പഞ്ചായത്തിന്റെ നേതൃത്വത്തിർ റോഡിലെ അഴുക്കുചാൽ നേരെയാക്കി റോഡിലെ വെള്ളകെട്ടിന് താത്‌കാലിക പരിഹാരം കണ്ടു. എന്നാൽ, മഴ ശക്തമായാൽ വീണ്ടും റോഡ് വെള്ളത്തിനടിയിലാവും. ഇതിന്ന്‌ ശാശ്വത പരിഹാരത്തിന് സ്വകാര്യവ്യക്തിയുടെ സ്ഥലത്ത് പ്രവൃത്തികൾ നടത്തണം. കേസുമായി ബന്ധപ്പെട്ട് കിടക്കുന്ന സ്ഥലമായതിനാൽ കാര്യമായ നടപടികൾ ഇപ്പോൾ പഞ്ചായത്തിന് സ്വീകരിക്കാനാവില്ലെന്ന് പഞ്ചായത്ത് പ്രസിഡന്റ് സി.എം. നീലകണ്ഠൻ പറഞ്ഞു.