മുതുതല: ജനാധിപത്യരീതിയിൽ നടന്ന സ്കൂൾലീഡർ തിരഞ്ഞെടുപ്പ് കുട്ടികൾക്ക് പുതുമയുള്ള അനുഭവമായി. പെരുമുടിയൂർ എസ്.എൻ.ജി.എൽ.പി. സ്കൂളിലായിരുന്നു മുതിർന്നവർക്കുമാത്രം പരിചയമുള്ള തിരഞ്ഞെടുപ്പ് നടന്നത്.

പേനയും പെൻസിലും പുസ്തകവുമെല്ലാം വോട്ടിങ്‌ ചിഹ്നങ്ങളായി. കുട്ടിസ്ഥാനാർഥികൾക്ക് തിരഞ്ഞെടുപ്പുപ്രചാരണത്തിനായി ഒരാഴ്ച സമയവും നൽകിയിരുന്നു. തുടർന്നായിരുന്നു വോട്ടിങ്. ഒന്നുമുതൽ നാലുവരെ ക്ലാസിലെ കുട്ടികൾ സ്കൂളിൽ സജ്ജീകരിച്ച പോളിങ്‌ ബൂത്തിലെത്തി വോട്ടുചെയ്തു. ആറുപേരാണ് മത്സരരംഗത്തുണ്ടായിരുന്നത്. കുട്ടിപ്രിസൈഡിങ്‌ ഓഫീസർമുതൽ കുട്ടിപ്പോലീസുവരെയുള്ള ബൂത്തിൽ മഷിപുരട്ടലും വോട്ടിങ് സീൽ കുത്തലുമെല്ലാം നടന്നു.

കൂടുതൽ വോട്ടുനേടിയ പി.ടി. മുഹമ്മദ് സിനാൻ സ്കൂൾലീഡറായി. രണ്ടും മൂന്നും സ്ഥാനം നേടിയ അനശ്വരയും ശ്രീനാഥും യഥാക്രമം അസിസ്റ്റൻറ് ലീഡറായും ബാലസഭാ കൺവീനറായും തിരഞ്ഞെടുക്കപ്പെട്ടു. വാർഡംഗം നന്ദിനി മൂന്നുപേർക്കും സത്യവാചകം ചൊല്ലിക്കൊടുത്തു. എസ്.ആർ.ജി. കൺവീനർ സതി, അബ്ദുൾറഷീദ് എന്നിവർ നേതൃത്വം നൽകി.