മുതുതല: കർഷകക്കൂട്ടായ്മയിൽ കൊടമുണ്ട പാടശേഖരത്തിറക്കിയ പുഞ്ചക്കൃഷിയിൽ മികച്ച വിളവ്. 12 കർഷകരുടെ നേതൃത്വത്തിലാണ് 15 ഏക്കർ സ്ഥലത്ത് നെൽക്കൃഷിയിറക്കിയത്. കൃഷിയിലെ വിളവെടുപ്പ് ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ പി.കെ. സുധാകരൻ ഉദ്ഘാടനം ചെയ്തു.

മാർച്ചിനാണ് കൃഷി ആരംഭിച്ചത്. വെള്ളിയാംങ്കല്ല് തടയണയിലെ ജലസമൃദ്ധിയിൽ പ്രതീക്ഷയർപ്പിച്ചായിരുന്നു കൃഷിയിറക്കിയത്. കൊടുമുണ്ട പടിഞ്ഞാറ്റേ പാടശേഖരത്ത് വർഷത്തിൽ ഒരുകൃഷി മാത്രമാണ് നടത്താറ്‌. ഇതിൽനിന്ന്‌ വ്യത്യസ്ഥമായാണ് കർഷകർ പുഞ്ചകൃഷി പരീക്ഷിച്ചത്. മുതുതല പഞ്ചായത്തിന്റെയും കൃഷിവകുപ്പിന്റെയും സഹകരണത്തോടെ ജലസേചനവും ലഭ്യമാക്കി.

ജ്യോതി വിത്താണ് ഉപയോഗിച്ചത്. വിളവെടുപ്പ് ചടങ്ങിൽ മുതുതല പഞ്ചായത്ത് പ്രസിഡന്റ് സി.എം. നീലകണ്ഠൻ അധ്യക്ഷനായി. വൈസ് പ്രസിഡന്റ് എം.പി. മാലതി, എം. ഗോപാലകൃഷ്ണൻ, എം. ശങ്കരൻകുട്ടി, കെ.എം. വാസുദേവൻ തുടങ്ങിയവരും പങ്കെടുത്തു.