മുതുതല: കൊടുമുണ്ട പാടശേഖരത്തിറക്കിയ പുഞ്ചക്കൃഷി വിളവെടുപ്പിനൊരുങ്ങി. വർഷങ്ങൾക്കുശേഷമാണ് 15ഏക്കർ സ്ഥലത്ത് പുഞ്ചക്കൃഷി ഇറക്കിയത്. 12 കർഷകരുടെ നേതൃത്വത്തിലാണ് കൃഷി.

ഇക്കഴിഞ്ഞ മാർച്ചിലാണ് നടീൽ ആരംഭിച്ചത്. വെള്ളിയാങ്കല്ല് തടയണയിലെ ജലസമൃദ്ധിയിൽ പ്രതീക്ഷയർപ്പിച്ചായിരുന്നു കൃഷിയിറക്കിയത്. മോശമല്ലാത്ത വിളവുതന്നെയാണ് കൃഷിയിൽ കാണാനാവുന്നത്.

ഭാരതപ്പുഴയോരത്തെ പട്ടാമ്പി-പള്ളിപ്പുറം തീരദേശപാതയോടുചേർന്നാണ് കൊടുമുണ്ട പടിഞ്ഞാറ്റേ പാടശേഖരമുള്ളത്. വർഷത്തിൽ ഒരു കൃഷിമാത്രമാണ് പലപ്പോഴും ഇവിടെ നടത്താറ്. ഇതിൽനിന്ന്‌ വ്യത്യസ്തമായാണ് പുഞ്ചക്കൃഷി കർഷകർ പരീക്ഷിച്ചത്. മുതുതല പഞ്ചായത്തിന്റേയും കൃഷിവകുപ്പിന്റേയും സഹകരണത്തോടെയാണ് കർഷകർ പുഞ്ചക്കൃഷി ഇറക്കിയത്.

ജ്യോതി വിത്താണ് കർഷകർ കൃഷിയ്ക്ക്‌ ഉപയോഗിച്ചത്.