മുതുതല: ജില്ലാ ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ കൊടുമുണ്ട കുഞ്ഞൻനായർ സ്മാരക വായനശാലയുടെ നേതൃത്വത്തിൽ നാടകക്കളരിക്ക് തുടക്കമായി. കുട്ടികൾക്കായി അഞ്ചുദിവസത്തെ നാടകക്കളരിയാണ് കൊടുമുണ്ട ഗവ. എൽ.പി. സ്കൂളിൽ നടത്തുന്നത്.

പട്ടാമ്പി താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് എം.വി. മോഹനൻ ഉദ്ഘാടനം ചെയ്തു. വായനശാലാ പ്രസിഡന്റ് കെ. മുഹമ്മദ്‌കുട്ടി അധ്യക്ഷനായി. ഗ്രാമപ്പഞ്ചായത്തംഗം കെ. ഉണ്ണിക്കൃഷ്ണൻ, വി.ടി. നാരായണൻ, ക്യാമ്പ് ഡയറക്ടർ കെ.എം. വാസുദേവൻ, ക്രിയേറ്റീവ് ഡയറക്ടർ എം.ബി. രാജേഷ് തുടങ്ങിയവർ സംസാരിച്ചു. നാടകപ്രവർത്തകരായ ജിഷ്ണു, അഖിൽ എന്നിവർ നേതൃത്വം നൽകി.

അഞ്ചുദിവസത്തെ കളരിയിൽ നാടകത്തിന്റെ വിവിധവശങ്ങളെ പരിചയപ്പെടുത്തും. നാടകരൂപം, വിപരീത കഥാപാത്രങ്ങൾ രൂപപ്പെടുന്ന അഭിനയസന്ദർഭങ്ങൾ, രംഗോപകരണങ്ങളുടെ നിർമാണം, നാടകരൂപവത്കരണം, മെയ്‌ക്കപ്പ്, അഭിനയം, പ്രകാശവിന്യാസം എന്നീ വിഷയങ്ങളിൽ നാടകപ്രവർത്തകർ ക്ലാസെടുക്കും. പ്രവർത്തകരായ എം.ബി. രാജേഷ്, അനീഷ് കോട്ടയ്ക്കൽ, അഖിൽ, ജിഷ്ണു, സുരേഷ്, മിഥുൻ ലാൽ, അരുൺലാൽ, സജാസ് റഹ്‌മാൻ എന്നിവരാണ് ക്ലാസുകൾക്ക് നേതൃത്വം നൽകുന്നത്.

21-ന് വൈകീട്ട് ഏഴിന് സംസ്ഥാന ലൈബ്രറി കൗൺസിൽ എക്സിക്യുട്ടീവംഗം പി.കെ. സുധാകരൻ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യും. ക്യാമ്പിൽ രൂപംകൊള്ളുന്ന നാടകങ്ങളുടെ അവതരണവും നടക്കും.