മുതുതല: നെൽക്കൃഷിക്ക് തോട്ടിലൂടെ പൈപ്പുവഴി വെള്ളമെത്തിക്കുന്ന പദ്ധതി വരുന്നു. മുതുതല പഞ്ചായത്തിലെ എല്ലാ പാടശേഖരത്തിലും സമീപ പഞ്ചായത്തായ പരുതൂരിലെ കുറച്ചുഭാഗത്തും പണ്ടാരത്തോട്ടിലൂടെ വെള്ളമെത്തിക്കുന്ന പദ്ധതിയാണിത്. മുതുതല പഞ്ചായത്ത് പ്രസിഡന്റ് സി.എം. നീലകണ്ഠനും ചെറുകിട ജലസേചനവകുപ്പ് അധികൃതരും നിർദിഷ്ട പദ്ധതിപ്രദേശം സന്ദർശിച്ചു. പാടശേഖരങ്ങളിലേക്ക് പൈപ്പുകൾ വാൾവുവഴി നിയന്ത്രിച്ചാണ് ജലം നൽകുക.

വെള്ളിയാങ്കല്ല് ജലസംഭരണിയാണ് പദ്ധതിയുടെ ഉറവിടം. ഇവിടേക്കാണ് പണ്ടാരത്തോട് ചെന്നുചേരുന്നത്. 2019-2020 ബജറ്റ് രേഖയിൽ പദ്ധതി ഉൾപ്പെടുത്തിയിട്ടുണ്ട്. വിശദമായ പര്യവേഷണംനടത്തി ഉടൻ റിപ്പോർട്ട് തയ്യാറാക്കി ചെറുകിട ജലസേചനവകുപ്പിനും സർക്കാരിനും നൽകുമെന്ന് അസിസ്റ്റന്റ്‌ എൻജിനീയർ സുനിൽ പറഞ്ഞു.

സ്ഥലമേറ്റെടുക്കേണ്ട ആവശ്യമില്ലെന്നും കനാൽ പുനരുദ്ധാരണംപോലുള്ള പണി അധികം വേണ്ടെന്നതും പദ്ധതിയുടെ ഗുണങ്ങളാണ്. വെള്ളിയാങ്കല്ല് ജലസംഭരണിയിൽ ജലസമൃദ്ധിയുള്ളതും അനൂകുല ഘടകമാണ്. ഇപ്പോൾ മുതുതല പഞ്ചായത്തിൽ പെരുമുടിയൂർ ചെറുകിട ജലസേചനപദ്ധതി മാത്രമേയുള്ളൂ. ഒന്നാം വിള നെൽക്കൃഷി കുറവായ മുതുതല പഞ്ചായത്തിൽ രണ്ടുപുകിൽ നെൽക്കൃഷിയും വേണ്ടിവന്നാൽ പുഞ്ചക്കൃഷിയോ പച്ചക്കറിക്കൃഷിയോ ചെയ്യാനും പദ്ധതി ഉപകരിക്കും.