മുതുതല: കൊടുമുണ്ട കുഞ്ഞൻനായർസ്മാരക വായനശാലയുടെ സുവർണജൂബിലി ആഘോഷങ്ങൾ ശനിയാഴ്ച സമാപിക്കും. ഒരുവർഷം നീണ്ടുനിന്ന വൈവിധ്യമാർന്ന പരിപാടികളോടെയാണ് 50-ാം വാർഷികാഘോഷം നടന്നത്.

ശനിയാഴ്ച വൈകുന്നേരം 7.30-ന് നടക്കുന്ന സമാപനസമ്മേളനം മന്ത്രി കെ.ടി. ജലിൽ ഉദ്ഘാടനംചെയ്യും. മുഹമ്മദ് മുഹ്‌സിൻ എം.എൽ.എ. അധ്യക്ഷനാവും. ആദ്യകാല പ്രവർത്തകരെ ആദരിക്കൽ, കലാപരിപാടികൾ എന്നിവയുമുണ്ടാകും.

നവോത്ഥാനപ്രസ്ഥാനത്തിന്റെ ഊർജമുൾക്കൊണ്ട് 1967-ലാണ് വായനശാല പ്രവർത്തനമാരംഭിച്ചത്. ആദ്യത്തെ പ്രസിഡന്റും സെക്രട്ടറിയും കാഞ്ഞൂർ നാരായണൻ ഭട്ടതിരിപ്പാട്, എം. പത്മനാഭൻ എന്നിവരായിരുന്നു. 1972-ൽ ഗ്രന്ഥശാലാസംഘത്തിന്റെ അംഗീകാരം ലഭിച്ചു. സഹകാരിയും പൊതുകാര്യ പ്രസക്തനുമായ തമ്പിവീട്ടിൽ കുഞ്ഞൻനായരുടെ പേരിലുള്ള വായനശാല അദ്ദേഹത്തിന്റെ പൗത്രൻ എം. പത്മനാഭൻ സംഭാവനചെയ്ത സ്ഥലത്ത് സ്വന്തം കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. 1994 മുതൽ ഈ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന വായനശാല കൂടുതൽ സൗകര്യമുള്ള സ്ഥലത്തേക്ക് മാറ്റാനുള്ള ഒരുക്കത്തിലാണ്.

വായനശാലയുടെ പ്രവർത്തനം കൂടുതൽപേരിലെത്തിക്കാനായി രണ്ട് ഉപകേന്ദ്രങ്ങൾ സ്ഥാപിച്ചു. ലഹരിവിരുദ്ധ പ്രചാരണം, വിദ്യാർഥികൾക്കുള്ള അയൽപക്ക ക്ലാസുകൾ, കുട്ടികൾക്കുള്ള കലാപഠനക്ലാസുകൾ, വനിതാ-വയോജന പുസ്തകവിതരണ പദ്ധതി, കരിയർ ഗൈഡൻസ്, ബാലവേദി എന്നിവയാണ് പ്രധാന പ്രവർത്തനങ്ങൾ. സംസ്ഥാന ലൈബ്രറി കൗൺസിലിന്റെ എപ്ലസ് ഗ്രേഡ് ലഭിച്ചിട്ടുണ്ട്. കെ. മുഹമ്മദുകുട്ടി, കെ.എം. ജിതേഷ് തുടങ്ങിയവർ ഭാരവാഹികളായ 15 അംഗ കമ്മിറ്റിയാണ് പ്രവർത്തനം നിയന്ത്രിക്കുന്നത്.