മുതുതല: കൊടുമുണ്ട പാടശേഖരത്ത് പുഞ്ചക്കൃഷിയുടെ നടീൽപ്രവൃത്തികൾ ആരംഭിച്ചു. പതിറ്റാണ്ടുകൾക്കുശേഷമാണ് ഇവിടെ പുഞ്ചക്കൃഷി നടത്തുന്നത്. 12 കർഷകരുടെ നേതൃത്വത്തിൽ 15 ഏക്കർ സ്ഥലത്താണ് നെൽക്കൃഷിയിറക്കുന്നത്.

മുതുതല പഞ്ചായത്ത് പ്രസിഡന്റ് സി.എം. നീലകണ്ഠൻ നടീലുത്സവം ഉദ്ഘാടനംചെയ്തു. പട്ടാമ്പി ബ്ലോക്കിലെ വനിതാ ലേബർ ഗ്രൂപ്പിന്റെ സഹകരണത്തോടെയാണ് നടീൽ പ്രവൃത്തികൾ നടത്തുന്നത്. നടീൽ ഉത്സവച്ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി. മാലതി, കെ. ഉണ്ണിക്കൃഷ്ണൻ, എം. ശങ്കരൻകുട്ടി, പി.സി. വാസു, കെ.എം. ഉണ്ണിക്കൃഷ്ണൻ, കൃഷി ഓഫീസർ രശ്മി തുടങ്ങിയവർ സന്നിഹിതരായിരുന്നു.

ജ്യോതി വിത്താണ് കൃഷിയിറക്കുന്നത്. വെള്ളിയാങ്കല്ല് ജലസംഭരണിയിലെ വെള്ളം ഉപയോഗപ്പെടുത്തി പൂർണമായും ജൈവകൃഷിരീതിയാണ് കർഷകർ സ്വീകരിക്കുന്നത്. പഞ്ചായത്തിന്റെയും കൃഷിഭവന്റെയും സഹകരണവും കർഷകർക്കുണ്ട്.