മുണ്ടൂർ: പറളിപ്പുഴയിലെത്തിയ രണ്ട് കാട്ടാനകളെ രണ്ടുദിവസത്തെ ശ്രമത്തിനൊടുവിൽ ധോണി വനമേഖലയിലെത്തിച്ചു. ശനിയാഴ്ച 10.30ഒാടെയാണ് കാടുകയറ്റിയത്. വെള്ളിയാഴ്ച രാത്രി കമ്പ വള്ളിക്കോട് മലയിലെത്തിയ കാട്ടാനകൾ വനംവകുപ്പിനെയും ജനങ്ങളെയും വട്ടംകറക്കി ഈ ഭാഗത്തുതന്നെ നിൽക്കയായിരുന്നു.

ആദ്യം പൊരിയാനി ഭാഗത്തുകൂടെ ദേശീയപാത മറികടത്താൻ ശ്രമം നടത്തിയെങ്കിലും ആനകൾ കാട്ടിലൊളിച്ചതോടെ ശ്രമം പരാജയപ്പെട്ടു. ദേശീയപാതയിൽ ഇരുവശത്തേക്കും നീങ്ങാതിരിക്കാനായി വനംവകുപ്പും പോലീസും വാഹനങ്ങൾ നിർത്തിയിട്ട് വഴിയും തടസ്സപ്പെടുത്തി.

ശനിയാഴ്ച രാവിലെമുതൽ തുടങ്ങിയതായിരുന്നു കാടുകയറ്റൽ ദൗത്യം. തുടർന്ന്‌ പന്തങ്ങൾ കൊളുത്തിയും പടക്കംപൊട്ടിച്ചും നിരവധിതവണ ആനകൾളെ വനംവകുപ്പ് ഉദ്യോഗസ്ഥരും വാച്ചർമാരും പിന്തുടർന്നു.

ആനകളെ റോഡ്‌ മറികടത്താനാവുമെന്ന പ്രതീക്ഷയിൽ ദേശീയപാത പൊരിയാനിയിൽ കോങ്ങാട് പോലീസും വനംവകുപ്പുകാരും വൈകീട്ട് അഞ്ചുമുതൽ നിലയുറപ്പിച്ചിരുന്നു. എന്നാൽ, പടക്കംപൊട്ടിച്ച് തുരത്തുന്ന ആനകൾ തലങ്ങും വിലങ്ങും ഓടി കാട്ടിൽ മറയുകയായിരുന്നു.

ഡി.എഫ്.ഒ. നരേന്ദ്രനാഥ് വേലൂരി, എ.ഡി.സി.എഫ്. രമേശ് ബിഷ്‌ണോയ്, സൈലന്റ്‌വാലി വൈൽഡ് ലൈഫ് വാർഡൻ സാമുവൽ വി. പച്ചൗ, ഒറ്റപ്പാലം റേഞ്ച് ഓഫീസർ ആഷിഷ് എന്നിവർ സ്ഥലത്ത് ക്യാമ്പ് ചെയ്താണ് കാട്ടാനകളെ തുരത്താനുള്ള ദൗത്യത്തിന് നേതൃത്വം നൽകിയത്.

ബഹളം വില്ലൻമാർ

ആനയിറങ്ങുന്ന ഇടങ്ങളിലെ പ്രധാന വില്ലൻ ഇത്തവണയും കാട്ടാനകളുടെ കാട്ടിലേക്കുള്ള വഴിമുടക്കി. മലയിറങ്ങാൻ തുടങ്ങുമ്പോഴേക്കും താഴെക്കൂടിയ പൊതുജനങ്ങളുടെയും മറ്റും ബഹളവും സാന്നിധ്യവും ആനകളെ തിരിച്ചുകയറ്റി. ശനിയാഴ്ച ഏഴിലധികം തവണയാണ് കാട്ടാനകൾ മലയിറങ്ങുകയും കയറുകയും ചെയ്തത്.

ഡബ്ല്യു.ഡബ്ല്യു.എഫ്. സ്ഥലം സന്ദർശിച്ചു

വേൾഡ് വൈൽഡ് ഫണ്ട് ഫോർ േനച്വർ പ്രവർത്തകർ ശനിയാഴ്ച മുണ്ടൂരിൽ സന്ദർശനം നടത്തി. കാടിറങ്ങുന്ന ആനകളെക്കുറിച്ച് പഠിക്കാനും സ്ഥിതിഗതി അറിയാനുമാണ് സംഘം സന്ദർശനം നടത്തിയത്.