മേട്ടുപ്പാളയം: മതിലിടിഞ്ഞുവീണ് 17 പേർ മരിച്ച മേട്ടുപ്പാളയം നടൂരിലേക്ക് ബുധനാഴ്ചയും വിവിധ രാഷ്ട്രീയ, സംഘടനാ നേതാക്കളുടെ ഒഴുക്ക്. ദേശീയ നേതൃത്വത്തിന്റെ നിർദേശമനുസരിച്ച് കോൺഗ്രസ് നേതാക്കൾ രാവിലെയെത്തിയിരുന്നു. പാർട്ടി ദേശീയ സെക്രട്ടറി സഞ്ജയ്ദത്ത്, മോഹൻ കുമാരമംഗലം, ജില്ലാനേതാക്കളായ വി.എം.സി. മനോഹരൻ എന്നിവർ എത്തിച്ചേർന്നു.
തുടർന്ന് സി.പി.ഐ. നേതാവ് മുത്തരശൻ, സംവിധായകൻ രഞ്ജിത്ത്, തമിഴ്നാട് മുസ്ലിം മുന്നേറ്റകഴകം നേതാവും മുൻ എം.എൽ.എ.യുമായ ജവഹിറുള്ള, മക്കൾ നീതിമയ്യം നേതാവ് മയിൽസ്വാമി, ആദിതമിഴർ പേരവൈ നേതാവ് ജക്കയ്യൻ, എസ്ഡി.പി.ഐ. നേതാവ് നെല്ലൈ മുബാറക് തുടങ്ങിയവരെത്തി. വൈകീട്ട് കോയമ്പത്തൂർ എം.പി.യും സി.പി.എം. നേതാവുമായ ആർ. നടരാജൻ നടൂരിലെത്തി.
സ്ഥലം സന്ദർശിച്ച നേതാക്കൾ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ സഹായങ്ങളൊന്നും കൈമാറിയില്ല. സ്ഥലത്ത് കനത്ത പോലീസ് കാവൽ തുടരുകയാണ്. ഇതിനിടെ, സ്ഥലമുടമ ശിവസുബ്രഹ്മണ്യൻറെ ഉടമസ്ഥതയിലുള്ള ലോഡ്ജ്, ബാർ, ടെക്സ്െറ്റെൽ എന്നിവ സംഭവം നടന്ന് മൂന്നാംദിനവും തുറന്നില്ല. സ്ഥാപനങ്ങൾക്കുമുന്നിൽ രാത്രിയും പകലും പോലീസ് കാവലുണ്ട്. ഇയാളുടെ സഹോദരങ്ങളുടെ വീടുകൾക്കും പോലീസ് സംരക്ഷണമേർപ്പെടുത്തിയിട്ടുണ്ട്. ഭീഷണിയുള്ളതിനാൽ ഇവരാരും മേട്ടുപ്പാളയത്തേക്ക് തിരിച്ചെത്തിയിട്ടില്ല.