ഷൊർണൂർ: റിലീസ് ചിത്രങ്ങൾ അതത് സമയം കാണാൻ സൗകര്യമൊരുക്കിയിരുന്ന മേളം തിയേറ്റർ ഓർമയാവുന്നു. സാമ്പത്തിക പ്രതിസന്ധിയിൽ തിയേറ്റർ അടച്ചുപൂട്ടാൻ തീരുമാനിച്ചതായി മാനേജ്‌മെന്റ് ജീവനക്കാർക്ക് നൽകിയ നോട്ടീസിൽ പറയുന്നു. ഈ മാസം മൂന്നിന് നൽകിയ നോട്ടീസിൽ, ആനുകൂല്യങ്ങൾ കൈപ്പറ്റി ജോലിയിൽനിന്ന് പിരിഞ്ഞു പോവണമെന്ന് ആവശ്യപ്പെടുന്നുണ്ട്. 30 ദിവസത്തിനകം തിയേറ്റർ സ്ഥിരമായി അടച്ചുപൂട്ടുകയാണെന്നും ഉടമ ജീവനക്കാർക്ക് നൽകിയ നോട്ടീസിൽ വ്യക്തമാക്കുന്നു.

ഉടമ നൽകിയ നോട്ടീസ് കൈപ്പറ്റിയെന്നും ഉടമയുമായി ചർച്ചയുണ്ടായിട്ടില്ലെന്നും തിയേറ്റർ ജീവനക്കാർ പറഞ്ഞു. തൊഴിലാളി യൂണിയൻ പ്രശ്നത്തിൽ ഇടപെട്ടിട്ടുണ്ടെന്നും ജീവനക്കാർ പറയുന്നു. എട്ട് ജീവനക്കാരും കാന്റീൻ ജീവനക്കാരും ജോലിചെയ്യുന്നുണ്ട്. 900 സീറ്റുകളുള്ള സംസ്ഥാനത്തെ എ ക്ലാസ് തിയേറ്ററുകളിലൊന്നാണ് മേളം തിയേറ്റർ. റിലീസിങ്‌ സെന്ററായി വർഷങ്ങൾക്ക് മുമ്പ് ഉയർത്തിയ മേളം തിയേറ്റർ ആധുനിക ശബ്ദദൃശ്യ സാങ്കേതിക സംവിധാനങ്ങളോടെ പ്രവർത്തിച്ചു.

1982 സെപ്റ്റംബർ രണ്ടിന് ഓണത്തിനാണ് മേളം തിയേറ്റർ തുറന്നത്. മധു നായകനായ ‘ആരംഭം’ എന്ന സിനിമയോടെയാണ് പ്രദർശനം ആരംഭിച്ചത്.കാലാനുസൃതമായി തിയേറ്റർ എയർകണ്ടീഷൻ ചെയ്ത് പ്രേക്ഷകരെ ആകർഷിച്ചിരുന്നെങ്കിലും ഇതിലും പിടിച്ചുനിൽക്കാനായില്ല. മൾട്ടിപ്ലക്‌സ് തരംഗത്തിനൊത്ത് തിയേറ്ററിന്റെ മുഖം മാറ്റാൻ ശ്രമിക്കാതിരുന്നതും തിരിച്ചടിയായി സിനിമാപ്രേമികൾ പറയുന്നു. പട്ടാമ്പിയിലും ഒറ്റപ്പാലത്തും മൾട്ടിപ്ലക്‌സ് തിയേറ്ററുകൾ വന്നതോടെ മേളമടക്കം പഴയകാല തിയേറ്ററുകൾ പ്രതിസന്ധിയിലായി. മികച്ച ശബ്ദസംവിധാനമാണ് മേളം തിയേറ്ററിലുള്ളത്. ‘പഴശ്ശിരാജ’ സിനിമ കാണാൻ മമ്മൂട്ടിയും റസൂൽ പൂക്കുട്ടിയും തിരഞ്ഞെടുത്തത് മേളമായിരുന്നു. നിർമാതാവ് ആന്റണി പെരുമ്പാവൂരിന്റെ കീഴിൽ മേളം തിയേറ്റർ നിലനിർത്താനുള്ള ചർച്ചകൾ നടക്കുന്നതായും സൂചനയുണ്ട്‌.