പാലക്കാട്: ജില്ലയിലെ സർക്കാർ ആശുപത്രികളിൽ മരുന്നുക്ഷാമം. മിക്ക ആരോഗ്യ കേന്ദ്രങ്ങളിലും മരുന്നുകൾ പുറത്തുനിന്ന് വാങ്ങേണ്ട ഗതികേടിലാണ് രോഗികൾ.
പ്രതിദിനം ഇരുന്നൂറുപേർ ചികിത്സതേടുന്ന പാലക്കാട് ജില്ലാ ആശുപത്രിയിൽ കുത്തിവെപ്പിനുള്ള അവശ്യമരുന്നുകളും സിറിഞ്ചും ഇല്ല. കാൻസർ, ഹൃദ്രോഗം എന്നിവയ്ക്കുമുതൽ ജീവിതശൈലീ രോഗങ്ങൾക്കുള്ള മരുന്നുകൾവരെ കിട്ടാനില്ല. സിറിഞ്ചും സൂചിയും ഉൾപ്പെടെയുള്ള അവശ്യവസ്തുക്കളും ആന്റിബയോട്ടിക്കുകളും ലഭിക്കുന്നില്ല. വേദനസംഹാരികളും ഇല്ല. സാധാരണക്കാർ ആശ്രയിക്കുന്ന കാരുണ്യ, മെഡികെയർ എന്നിവിടങ്ങളിലും മരുന്ന് കിട്ടാനില്ല.
മുറിവുകൾ വെച്ചുകെട്ടാനുള്ള കോട്ടൺ ഗോസ്, ഒടിവുകൾ വെച്ചുകെട്ടാനുള്ള വലിയ പ്ലാസ്റ്റർ എന്നിവയും ഇല്ല. രോഗികളെയും ആശുപത്രി ജീവനക്കാരെയും ഒരുപോലെ വലയ്ക്കുന്നുണ്ട് മരുന്നുക്ഷാമം.
പുറത്തെ മെഡിക്കൽ സ്റ്റോറുകളിൽ നിന്നും മരുന്നുവാങ്ങുമ്പോൾ രോഗികൾക്ക് കൂടുതൽ പണം മുടക്കേണ്ട അവസ്ഥയാണുള്ളത്.
നഴ്സുമാർ ഓരോ രോഗികളെയും പരിശോധിക്കുകയോ മുറിവ് വെച്ചുകെട്ടുകയോ ചെയ്തശേഷം കൈകഴുകുന്നതിനുള്ള ഹാൻഡ് വാഷോ മറ്റു ശുചീകരണ ലായനികളോ കിട്ടാനില്ല. നഴ്സുമാർ പോലും സ്വന്തം പണം മുടക്കിയാണ് ഹാൻഡ് വാഷ് വാങ്ങിക്കുന്നത്.
കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ മരുന്നുകമ്പനികൾക്ക് നൽകാൻ കുടിശ്ശികയുള്ള പശ്ചാത്തലത്തിലാണ് കടുത്ത മരുന്നുക്ഷാമം.
ഈ സാമ്പത്തികവർഷം എല്ലാ ആരോഗ്യ കേന്ദ്രങ്ങൾക്കും നൽകാനുള്ള മരുന്നുകളിൽ 90 ശതമാനം വരെ നൽകിയിട്ടുണ്ടെന്നും അതിൽ വീഴ്ചയുണ്ടായിട്ടില്ലെന്നുമാണ് അധികൃതരുടെ വിശദീകരണം. മരുന്നുകളുടെയും മറ്റ് അവശ്യവസ്തുക്കളുടെയും ഉപയോഗം കൂടിയതായും അധികൃതർ പറയുന്നു. ചിലയിടങ്ങളിൽ അവശ്യമരുന്നുകൾ ശനിയാഴ്ച എത്തിച്ചെങ്കിലും ഉടൻ തീരുമെന്ന സ്ഥിതിയാണ്.
അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള ലിസ്റ്റ് നൽകലും ടെൻഡർ നടപടികളും പൂർത്തിയാക്കിയെങ്കിലും അതുപ്രകാരമുള്ള മരുന്നുകൾ ഏപ്രിലിൽ മാത്രമേ ലഭിക്കൂ. സാങ്കേതികമായി അധികൃതരുടെ പിഴവില്ലെങ്കിൽക്കൂടി അടുത്തമാസവും ആശുപത്രികളിൽ ഈ സ്ഥിതി തുടരും.
content highlights; medicine shortage in government hospital