പാലക്കാട്.: അച്ഛന്റെ കൃഷിപ്പണികണ്ട് വളർന്നതാണ് നവീൻകുമാറും സഹോദരി ദിവ്യയും. അതിനാൽ മണ്ണിൽ പണിയെടുക്കുന്ന അച്ഛന്റെ വിയർപ്പിന് പ്രതിഫലമായി ഇരുവരും എം.ബി.എ.വരെ പഠിച്ച് കയറി.

തുടർന്ന്, ജോലിയെന്ന സ്വപ്‌നത്തിലേക്ക് യാത്രചെയ്യുമ്പോഴായിരുന്നു കോവിഡിന്റെ വരവ്. ഇതോടെ പഠനവും ജോലിസാധ്യതകളും വഴിമുട്ടിയെങ്കിലും തളർന്നില്ല. ബിരുദങ്ങളുടെ തലക്കനമില്ലാതെ രണ്ടുപേരും മണ്ണിലേക്കിറങ്ങി.

ഒരു പരീക്ഷണമായി അരയേക്കറിൽ തുടങ്ങിയ കൃഷിയിൽനിന്ന്‌ ഒരുദിവസം 300 കിലോഗ്രാം വരെ പടവലവും രണ്ടുദിവസത്തിലൊരിക്കൽ 50 കിലോഗ്രാംവരെ പാവലും വിളവെടുക്കുന്നു. ഇപ്പോൾ ഒരേക്കറിലേക്ക് കൃഷി വ്യാപിപ്പിച്ച് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കയാണ് ഈ സഹോദരങ്ങൾ. എരുത്തേമ്പതി വില്ലൂന്നികളത്തെ ശക്തിവേലിന്റെ മക്കളാണ് നവീൻകുമാറും (24) ദിവ്യയും (22). കോയമ്പത്തൂർ നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽനിന്നാണ് നവീൻ എം.ബി.എ. മാർക്കറ്റിങ് എച്ച്.ആർ. കോഴ്‌സും ദിവ്യ മാർക്കറ്റിങ് എച്ച്.ആർ. ഫൈനാൻസ് കോഴ്‌സും പഠിച്ചത്. പഠനത്തിനൊപ്പം കൃഷിയിലും മികവ് കാണിക്കുന്ന നവീൻ കുമാറിന് എരുത്തേമ്പതി കൃഷിഭവന് കീഴിലെ മികച്ച യുവകർഷകനുള്ള പുരസ്‌കാരവും ലഭിച്ചു.

‘വില്ലൂന്നിക്കടുത്തുള്ള തമിഴ്നാട് ഭാഗത്തെ വടക്ക് കാടിലായിരുന്നു കോവിഡിന്റെ ഒന്നാം തരംഗകാലത്ത് താമസിച്ചത്. കോളേജടച്ച് വീട്ടിലിരിപ്പായതോടെയാണ് കൃഷിയെക്കുറിച്ച് ആലോചിച്ചത്.

തുടർന്ന്, അച്ഛന്റെ സഹായത്തോടെ വടക്ക് കാടിൽ അരയേക്കറിൽ കൃഷി പരീക്ഷിക്കയായിരുന്നു’ -നവീനും ദിവ്യയും പറഞ്ഞു.

ഒരുവർഷം മുമ്പാണ് കുടുംബം വടക്ക് കാടിൽനിന്ന്‌ ഏഴേക്കർ സ്ഥലംവാങ്ങി വില്ലൂന്നിയിലെത്തിയത്. അച്ഛൻ ശക്തിവേലും അമ്മ രുക്മിണിയും പശുവളർത്തലിലേക്കും തെങ്ങ് കൃഷിയിലേക്കും തിരിഞ്ഞപ്പോൾ നവീൻകുമാറും ദിവ്യയും ഒരേക്കറിൽ വീണ്ടും പാവലും പടവലവും പരീക്ഷിക്കയായിരുന്നു. പൊള്ളാച്ചിയിൽനിന്ന് വിത്തുകൊണ്ടുവന്ന് കൃഷി തുടങ്ങി.

ഓൺലൈൻപഠനം കഴിഞ്ഞുള്ള സമയങ്ങളിലാണ് പരിപാലനം. കൃഷിക്കുള്ള പന്തൽ ശക്തിവേൽ കെട്ടിയതൊഴിച്ചാൽ ബാക്കിയെല്ലാം ഇരുവരും ചേർന്നാണ് ചെയ്തത്. ഇരുവരും ജോലിലഭിച്ചാലും കൃഷി കൈവിടില്ലെന്ന നിശ്ചയത്തിലാണ്.