ഒറ്റപ്പാലം : സാമ്പത്തിക ഇടപാടിനെത്തുടർന്നുള്ള തർക്കത്തിൽ യുവാവിനെ കാറിടിച്ച് അപായപ്പെടുത്താൻ ശ്രമം. ഇടിച്ചശേഷം കാറിന്റെ മുൻവശത്ത് തൂങ്ങിപ്പിടിച്ച യുവാവിനെയുംകൊണ്ട് അപകടകരമായ രീതിയിൽ കാർ സഞ്ചരിച്ചത് രണ്ടരക്കിലോമീറ്റർ.

പത്തൊമ്പതാംമൈലിൽ തുടങ്ങി ഒറ്റപ്പാലം പോലീസ് സ്‌റ്റേഷനിലെത്തിയാണ് കാർ നിർത്തിയത്. പെരിന്തൽമണ്ണ താഴേക്കോട് ചോലമുഖത്ത് ഫാസിലിനെയാണ് (27) അപായപ്പെടുത്താൻ ശ്രമിച്ചത്. സംഭവത്തിൽ അമ്പലപ്പാറ ചുനങ്ങാട് സ്വദേശി പി. ഉസ്മാനെ (32) ഒറ്റപ്പാലം പോലീസ് അറസ്റ്റുചെയ്തു.

ബുധനാഴ്ച രാവിലെ ആറുമണിക്കാണ് സംഭവം. പെരിന്തൽമണ്ണ താഴേക്കോട്ട് ബെൽറ്റുകളുടെയും തൊപ്പികളുടെയും മറ്റും മൊത്തക്കച്ചവടം നടത്തുന്നയാളാണ് ഫാസിൽ. കഴിഞ്ഞമാസം 19-ന് ഉസ്മാന്റെ സഹോദരനുമായുള്ള പരിചയത്തിന്റെപേരിൽ 70,000 രൂപയുടെ സാധനങ്ങൾ പണംവാങ്ങാതെ നൽകിയിരുന്നെന്നാണ് ഫാസിൽ പറയുന്നത്. എന്നാൽ, പലതവണ സാവകാശം അനുവദിച്ചിട്ടും പണം കിട്ടാതായതോടെ ചോദിക്കാനായാണ് ഫാസിലും സുഹൃത്തുക്കളും ബുധനാഴ്ചരാവിലെ പത്തൊമ്പതാംമൈലിൽ കാത്തുനിന്നത്. ഉസ്മാൻ വാഹനമോടിച്ചുവരുമ്പോൾ കൈകാണിച്ചെങ്കിലും നിർത്തിയില്ലെന്നും തുടർന്ന് തന്നെ കാറിടിപ്പിച്ചെന്നും ഫാസിൽ പറയുന്നു. കാറിന്റെ ബോണറ്റിൽ ഫാസിൽ പിടിച്ചുതൂങ്ങി. തുടർന്ന്, ഉസ്മാൻ വേഗം വാഹനമോടിച്ച് വീഴ്‌ത്താൻ ശ്രമിച്ചെന്നും ഫാസിലിന്റെ സുഹൃത്തുക്കൾ മറ്റൊരുകാറിൽ പിന്നാലെവന്നപ്പോൾ ഉസ്‌മാൻ കാർ പോലീസ് സ്‌റ്റേഷനിലേക്ക് ഓടിച്ചുകയറ്റിയെന്നുമാണ് പരാതിയിൽ പറയുന്നത്.

ഫാസിലിനെ ഒറ്റപ്പാലം താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടകരമായി വാഹനമോടിച്ചതിന് ഉസ്മാനെതിരേ കേസെടുത്തെന്നും ലൈസൻസ് റദ്ദാക്കുന്നതിനായി മോട്ടോർവാഹനവകുപ്പിനെ സമീപിക്കുമെന്നും ഒറ്റപ്പാലംപോലീസ് അറിയിച്ചു.