മലമ്പുഴ: പണി പാതിയായ ചെറിയ വീടുകൾ, ഏതുസമയവും നിലം പൊത്താവുന്ന ഓലക്കുടിലുകൾ... കഴിഞ്ഞ ഓഗസ്റ്റിലെ ഉരുൾപൊട്ടലിൽ ഒറ്റപ്പെട്ടുപോയ പറച്ചാത്തി കോളനിയിലെ ഏഴ് കുടുംബങ്ങൾ താമസിക്കുന്നത് ഇവിടെയാണ്. നിരവധി വാഗ്ദാനങ്ങൾ ജില്ലാഭരണകൂടവും തദ്ദേശസ്ഥാപനങ്ങളും ഇവർക്ക് നൽകിയിരുന്നു. എന്നാൽ, ഒരു വർഷമാകുമ്പോഴും ആകെ കിട്ടിയത് സന്നദ്ധസംഘടനകൾ നൽകിയ ഭക്ഷണക്കിറ്റും പാത്രങ്ങളും മാത്രം.
ഇനിയൊരു ദുരിതപ്പെയ്ത്ത് വന്നാൽ കൃഷിയിടവും കുടിലും നഷ്ടമാകുമോയെന്ന ഭയത്തിലാണ് പറച്ചാത്തി കോളനിവാസികൾ. ഓഗസ്റ്റ് എട്ടിന് രാത്രി പറച്ചാത്തിക്ക് വടക്ക് കുരുത്തിക്കടവ് മലയിലുണ്ടായ ഉരുൾപൊട്ടലാണ് പറച്ചാത്തിക്കോളനിയിലെ 10 കുടുംബങ്ങളെ ഒറ്റപ്പെടുത്തിയത്.
ഇതോടെ രണ്ട് കുടുംബങ്ങൾ മറ്റ് സ്ഥലങ്ങളിലേക്ക് പോയി. കാളിയപ്പൻ, മെമ്പർ സുകുമാരൻ, മുരുകൻ, കണ്ണൻ, വേലായുധൻ, കിഷോർ, മാധവൻ എന്നിവരുടെ വീടുകളാണ് ഇപ്പോഴുള്ളത്.
ഉരുൾപൊട്ടലാണ് പറച്ചാത്തി തോട്ടിലും ഒന്നാംപുഴയിലും പെട്ടെന്ന് വെള്ളം കയറാനിടയാക്കിയത്. രണ്ട് ദിശകളിലായി ഒഴുകിയിറങ്ങിയ മലവെള്ളം ശക്തമായ തോതിൽ പറച്ചാത്തി തോട്ടിലെത്തി. തോടിന് വശത്തായി ഏക്കറുകണക്കിന് വാഴത്തോട്ടങ്ങൾ ഒലിച്ചുപോയി. ഇപ്പോൾ ഇവിടെ മണ്ണ് വന്ന് മൂടിയിരിക്കയാണ്.
പേടിയുണ്ട്; പക്ഷേ...
മഴ പെയ്യുന്നത് കാണുമ്പോൾ പേടിയുണ്ട്. ഉരുൾപൊട്ടലുണ്ടായപ്പോഴും ഞങ്ങൾ ഇവിടെ നിന്ന് ദുരിതാശ്വാസക്യാമ്പുകളിൽ പോയില്ലെന്ന് കോളനിവാസിയായ മല്ലിക പറയുന്നു. ചുറ്റും വെള്ളം വന്നപ്പോഴും ഞങ്ങൾ കുട്ടികളെ ചേർത്തുപിടിച്ച് പ്രാർഥനയോടെ നിന്നു.
മലമ്പുഴ ഗ്രാമപ്പഞ്ചായത്ത് അധികൃതർ അന്ന് വന്നിരുന്നു. കുറച്ച് വസ്ത്രങ്ങളും അരിയും തന്നു. പിന്നീട് ഒന്നും ലഭിച്ചില്ല. മഴക്കാലമായപ്പോൾ അന്വേഷിക്കാനും വന്നില്ല -കോളനിക്കാർ ഒരേസ്വരത്തിൽ പറയുന്നു.
ഒരു ബൈക്ക് നഷ്ടമായി
പറച്ചാത്തി കോളനിയിലേക്ക് പോകുന്ന വഴിയിലെ കടയിൽ ജോലിക്ക് നിൽക്കുന്ന കാളിയപ്പനും പറയാനുണ്ട്, നഷ്ടത്തിൻറെ കണക്ക്. കോളനിനിവാസിയായ ഇദ്ദേഹത്തിന്റെ മകന്റെ ബൈക്ക് മലവെള്ളം കുത്തിയൊലിച്ചുവന്നപ്പോൾ മണ്ണിനടിയിലായി. പകരം ബൈക്ക് നൽകുമെന്ന് അധികൃതർ പറഞ്ഞെങ്കിലും രേഖയൊന്നും കാണാതായതോടെ അതും ലഭിച്ചില്ല.
‘‘ഉരുൾപൊട്ടലുണ്ടായ ദിവസം രാത്രി ഏഴരയോടെ കടയിൽനിന്ന് വീട്ടിലെത്തി. അരമണിക്കൂർ കഴിഞ്ഞപ്പോൾ വലിയ ശബ്ദം കേട്ടു. പിന്നെ ചുറ്റിലും വെള്ളം പൊങ്ങി. ഇനി അതേ പോലെ വന്നാൽ എന്തുെചയ്യുമെന്ന് അറിയില്ല. ഈ സ്ഥലം വിട്ടുപോകാൻ മനസ്സും വരുന്നില്ല’’-കാളിയപ്പൻ പറയുന്നു.
ലൈഫ് പദ്ധതിയിൽ വീട് അനുവദിച്ചു
പറച്ചാത്തി കോളനിക്കാർക്ക് ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി വീട് അനുവദിച്ചിട്ടുണ്ട്. പണി പുരോഗമിക്കുകയാണ്. അവർ അവിടംവിട്ട് എവിടേക്കും വരില്ല. ഗ്രാമപ്പഞ്ചായത്തിൻറെ പരിമിതിയിൽനിന്ന് പെട്ടെന്ന് ചെയ്യാവുന്ന സഹായങ്ങൾ ഉരുൾപൊട്ടലുണ്ടായ സമയത്ത് ചെയ്തിരുന്നു. മണ്ണ് വന്ന് മൂടിയത് മാറ്റാനുള്ള നടപടിയുടെ ഭാഗമായി എം.എൽ.എയും കളക്ടറും സ്ഥലം സന്ദർശിച്ചിട്ടുണ്ട്.
- ഇന്ദിര രാമചന്ദ്രൻ, മലന്പുഴ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ്