മലമ്പുഴ: മലമ്പുഴയിൽ ഭീതി പരത്തി കാട്ടാന രണ്ടാംദിവസവും.

കെ.ടി.ഡി.സി. ഹോട്ടലിന് സമീപം വന്ന ആന ചെക്ഡാമിൽ കുളിച്ചതിനുശേഷം പുതിയ ബസ് സ്റ്റാൻഡ്‌ ‌പരിസരത്ത് കറങ്ങി പാർക്കിന് 200 മീറ്റർ മുമ്പ് മലമ്പുഴ-പാലക്കാട് റോഡ് മുറിച്ചുകടന്ന്‌ കാട്ടിലേക്ക് കയറിപ്പോയി. രാവിലെ പത്തോടെയാണ് സംഭവം.

കഴിഞ്ഞ ദിവസവും ഇതേ ആന തന്നെയാണ് ഇവിടെയെത്തിയത്. വിദ്യാർഥികളും വിവിധ വകുപ്പുജീവനക്കാരും ഉൾപ്പെടെ ഒട്ടേറെപ്പേർ സ്വകാര്യവാഹനത്തിലും സർവീസ് ബസുകളിലും എത്തുന്ന സമയമായിരുന്നു. ഭാഗ്യംകൊണ്ടാണ് ആന ആരെയും ആക്രമിക്കാതിരുന്നതെന്ന് നാട്ടുകാർ പറഞ്ഞു. സ്വകാര്യ സ്കൂൾ, പുതിയ ബസ്‌ സ്റ്റാൻഡ്‌ തുടങ്ങിയവയുടെ പരിസരത്ത് കാട്ടാനയെത്തിയതറിഞ്ഞ രക്ഷിതാക്കളും ഭീതിയിലായി. പിന്നീട് കാട്ടാന കാടുകയറി പോയതറിഞ്ഞപ്പോഴാണ് ആശ്വസമായത്‌.