പട്ടാമ്പി: എവിടെയോ ആരോ ചില ശുഭോദർക്കമായ പ്രതികരണം നൽകിയെന്നതാണ് വീണ്ടും വീണ്ടും മുന്നോട്ടുപോകാൻ പ്രേരിപ്പിക്കുന്നതെന്നും അതിന് കൂടല്ലൂരിനോടും നിളയോടും കടപ്പെട്ടിരിക്കുന്നുവെന്നും എം.ടി. വാസുദേവൻ നായർ. കൂടല്ലൂർ നൽകിയ ആദരം തന്റെ ഹൃദയത്തിൽ നിറഞ്ഞുകവിയുകയാണെന്ന് കൂടല്ലൂർ കൂര്യായിക്കൂട്ടം നവമാധ്യമക്കൂട്ടായ്മ സംഘടിപ്പിച്ച ‘ഹൃദയപൂർവം എം.ടി.ക്ക്’ പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.

ലോകത്തിലെ പല ഭാഗങ്ങളിലും സഞ്ചരിക്കുകയും അമേരിക്കയിലടക്കം വിവിധ സർവകലാശാലകളിൽ സംസാരിക്കുകയും ആദരവ് ഏറ്റുവാങ്ങുകയും ചെയ്തിട്ടുണ്ട്. പക്ഷേ, അതിനേക്കാളൊക്കെ ഹൃദയാവഹമായ അനുഭവമാണ് കൂടല്ലൂരിലേത്. കൂടല്ലൂരിന്റെ പഴയ കാലത്തെയും പുതിയ കാലത്തെയും സംഭവവികാസങ്ങൾ മനസ്സിൽ കയറിവരും. ഇവ എഴുത്തിലൂടെ കഥകളായി വന്നിട്ടുണ്ട്. ഇതൊക്കെ എന്നുമെന്റെ ഓർമയിലിരിക്കും.

ഇന്ന് ജീവിച്ചിരിക്കാത്ത മനുഷ്യർ നൽകിയ എന്തൊക്കെയോ വിഭവങ്ങളാണ് തന്നെ സമ്പന്നനാക്കിയത്. അവരുടെ ജീവിതാനുഭവങ്ങൾ കണ്ടും കേട്ടും കൈവശപ്പെടുത്തിയുമാണ് താൻ എഴുതിയത്. അവരോടൊക്കെ കടപ്പാടുണ്ടെന്നും എം.ടി. കൂട്ടിച്ചേർത്തു. ഉള്ളുറപ്പുള്ള ഗ്രാമമായ കൂടല്ലൂരിന്റെ പ്രതീകമാണ് എം.ടി.യെന്ന് മുഖ്യപ്രഭാഷണം നടത്തിയ സാഹിത്യകാരൻ സി. രാധാകൃഷ്ണൻ പറഞ്ഞു. പല സാമൂഹികവിഷയങ്ങളിലും എം.ടി. നടത്തിയ പ്രതികരണമൊന്നും തിരുത്തിയിട്ടില്ല. അത് കൂടല്ലൂരിന്റെ ഉള്ളുറപ്പിന്റെ ഭാഗമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നൊബേൽ സമ്മാനംകൂടി ലഭിച്ചുകാണണമെന്നാണ് ആഗ്രഹമെന്നും അതുണ്ടാവട്ടെയെന്ന് പ്രാർഥിക്കുന്നുവെന്നും സി. രാധാകൃഷ്ണൻ പറഞ്ഞു.

കൂടല്ലൂരിന് ദൈവം കനിഞ്ഞുനൽകിയ വരദാനമാണ് എം.ടി.യെന്ന് സംവിധായകൻ ഹരിഹരൻ പറഞ്ഞു. ആസ്വാദകർക്ക് ഓർമിക്കാനും ഓമനിക്കാനും കഴിയുന്ന കഥാപാത്രങ്ങളാണ് എം.ടി.യുടേതെന്നും അദ്ദേഹം പറഞ്ഞു. നിളയോരത്ത് കൂടല്ലൂർ ഹൈസ്‌കൂൾ അങ്കണത്തിലെ ഉദ്ഘാടനവേദിയുടെ അരങ്ങുണർന്നത് ഞെരളത്ത് ഹരിഗോവിന്ദന്റെ സോപാനസംഗീതത്തോടെയാണ്. കവി ആലങ്കോട് ലീലാകൃഷ്ണൻ അധ്യക്ഷനായി. സി.പി. സെയ്തലവി പ്രഭാഷണം നടത്തി. പി. യൂസഫ് ഹാജി എം.ടി.യെയും പി.കെ. മുഹമ്മദുണ്ണി ഹരിഹരനെയും പൊന്നാടയണിയിച്ച്‌ ആദരിച്ചു. ഡോ. പി.കെ. ഹുറൈർകുട്ടി എം.ടി.ക്ക് ഉപഹാരം നൽകി. നാലുകെട്ടും നിളയും ഫോട്ടോപ്രദർശനം ഒരുക്കിയ മനോജ് ഡി. വൈക്കത്തിന് എം.ടി. ഉപഹാരം നൽകി. ചിത്രകാരൻ അച്യുതൻ കൂടല്ലൂർ, ഹമീദ് തത്താത്ത്, പി. മമ്മിക്കുട്ടി, പി.എം. അസീസ്, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമാരായ സിന്ധു രവീന്ദ്രകുമാർ, പി. ശാന്തകുമാരി, കെ. അബ്ദുൾ സലിം, എം.കെ. പ്രദീപ്, പി. ബാലകൃഷ്ണൻ, എം.ടി. ഗീത, പി. ചന്ദ്രൻ, ഹാരിഫ് നാലകത്ത്, ശകുന്തള, സി. അബ്ദു, എം.ടി. രാമകൃഷ്ണൻ, ജലീൽ പൊന്നേരി തുടങ്ങിയവർ സംസാരിച്ചു.

രാവിലെ ‘നാലുകെട്ടും മലയാളസാഹിത്യവും’ സംവാദം ടി.ഡി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. അശോകൻ ചരുവിൽ അധ്യക്ഷനായി. വി.ആർ. സുധീഷ്, കെ.പി. സുധീര എന്നിവർ വിഷയാവതരണം നടത്തി. പ്രോഗ്രാം കമ്മിറ്റി ചെയർമാൻ പി.പി. ഇസ്മയിൽ, പ്രോഗ്രാം കമ്മിറ്റി കൺവീനർ വി.വി. വിശ്വനാഥൻ എന്നിവർ സംസാരിച്ചു.

സാംസ്കാരികസമ്മേളനത്തിന്റെ രണ്ടാം ദിനം കവിയരങ്ങോടെയാണ് തുടങ്ങിയത്. കവിയരങ്ങ് പി.കെ. ഗോപി ഉദ്ഘാടനം ചെയ്തു. പി.പി. രാമചന്ദ്രൻ അധ്യക്ഷനായി. കൂടല്ലൂർ എം.വി. അർഷാദിന്റെ ‘കിനാക്കളുടെ വേട്ടക്കാരൻ’ എന്ന പുസ്തകം എം.ടി. രവീന്ദ്രന് നൽകി പി.കെ. ഗോപി പ്രകാശനം ചെയ്തു.