കൂടല്ലൂർ (പാലക്കാട്): ഓർമകളുറങ്ങുന്ന കൂടല്ലൂരിലെ മാടത്ത് തെക്കേപ്പാട്ട് തറവാട്ടിലെത്തിയപ്പോൾ എം.ടി.യുടെ സ്ഥായിയായ മൗനം വഴിമാറി, ചെറുപുഞ്ചിരി വിടർന്നു, വാചാലമായി... മുഖത്ത്‌ സദാ നിറയുന്ന ഗൗരവവും നീങ്ങി. ആറാണ്ടിനുശേഷം തറവാട്ടിലെത്തിയതാണ് എം.ടി. വാസുദേവൻ നായർ.

കഥയും കഥാപാത്രങ്ങളും പിറന്ന വീടിനകത്തേക്ക്‌ കയറിയപ്പോൾ ആദ്യം കണ്ണിലുടക്കിയത് ഭിത്തിയിലുള്ള അമ്മയുടെ ഫോട്ടോയാണ്. ഓർമകൾ വീണ്ടും മൗനത്തിലേക്ക് വഴിനടത്തിയപ്പോൾ, ഉണ്ണിമാമയെത്തുന്നതറിഞ്ഞ് വീട്ടിലെത്തിയ കുടുംബാംഗങ്ങൾ അടുത്തെത്തി കൈ പിടിച്ച്‌ കുശലാന്വേഷണം തുടങ്ങി.

എം.ടി.യുടെ കുട്ടിക്കാലത്തെ ഫോട്ടോ എടുത്തുനൽകിയപ്പോൾ അമ്മയുടെ അടുത്തിരിക്കുന്ന ഒരു ഫോട്ടോയുണ്ടായിരുന്നു. അതിൽനിന്നാണ് ഈ ഫോട്ടോ പകർത്തിയതെന്ന് പതിഞ്ഞ ശബ്ദത്തിൽ ജ്യേഷ്ഠന്റെ മകൻ സതീശിനോട് പറഞ്ഞു.

’’ഭിത്തിയിലെ അച്ഛന്റെ ഫോട്ടോയെടുത്തത് കോളേജിൽ പഠിക്കുന്ന സമയത്താണ്. വീട്ടിൽ ജ്യേഷ്ഠന്മാർക്കും ഫോട്ടോഗ്രാഫി ഇഷ്ടമാണ്. അന്ന് വലിയ ചെലവാണ് ഫോട്ടോഗ്രാഫിക്ക്‌. അതിനാൽ നിർത്തിയതാണ്. ഓപ്പോളുടെ മകളുടെ ഫോട്ടോയൊക്കെ കുറേയെടുത്തിട്ടുണ്ട്.’’

തുടർന്ന് വീടിനകത്തെ മുറികളെല്ലാം കണ്ടു. നാലുകെട്ടും നടുമുറ്റവുമുണ്ടായിരുന്ന വീടിന് ചെറിയ മാറ്റങ്ങൾ മാത്രമേ വരുത്തിയിട്ടുള്ളൂ.

പത്തായപ്പുര മാറ്റി എല്ലാ സൗകര്യങ്ങളുമുള്ള ആധുനികരീതിയിലുള്ള വീടാക്കി മാറ്റിയിരിക്കുകയാണ്. മുമ്പ് വീട്ടിലേക്ക് പാടത്തുകൂടിയായിരുന്നു വഴി. പടികൾ കയറി വീട്ടുമുറ്റത്തെത്തണമായിരുന്നു. ഗെയിൽ പദ്ധതിക്ക്‌ പൈപ്പിടാൻ ചാൽ കീറിയപ്പോൾ പടികൾ നഷ്ടമായി. നിളയോരത്ത് എം.ടി. വാങ്ങിയിരുന്ന ‘അശ്വതി’യിലേക്കാണ് ഞായറാഴ്ച രാവിലെ എത്തിയത്. ഇവിടെനിന്നാണ് തറവാട്ടിലേക്ക് വന്നത്.

തിരികെ ‘അശ്വതി’യിലെത്തിയപ്പോൾ ആദ്യം കാണാനെത്തിയത് കവി പി.കെ. ഗോപിയാണ്. തുടർന്ന് നാട്ടുകാരെത്തി. എല്ലാവരോടും സ്നേഹസൗമ്യമായ മറുപടി.

ഉച്ചഭക്ഷണം അനന്തരവളും ആനക്കര പഞ്ചായത്തംഗവുമായ എം.ടി. ഗീതയുടെ വീട്ടിലായിരുന്നു. ഇഷ്ടവിഭവങ്ങളോടെയുള്ള സദ്യ. അതിനുശേഷം എഴുത്തുകാരായ ടി..ഡി. രാമകൃഷ്ണൻ, അശോകൻ ചരുവിൽ, കെ.പി. സുധീര, സംവിധായകൻ ഹരിഹരൻ തുടങ്ങിയവരെത്തി. വൈകീട്ടാവുമ്പോഴേക്കും സ്വീകരണയോഗത്തിന്റെ തിരക്കായി. കൂടല്ലൂരെ പുതിയ തലമുറയോട് സംസാരിച്ച് ഹൃദയത്തിൽ സൂക്ഷിക്കാൻ കുറെ നല്ല ഓർമകളുമായാണ് നിളയുടെ കഥാകാരൻ ജന്മനാട്ടിൽനിന്ന് മടങ്ങിയത്.

കഥാപാത്രങ്ങളും കഥാകാരനും

എം.ടി.യുടെ കഥകളിൽ കഥാപാത്രമായിരുന്ന യൂസഫ് ഹാജിയും കുഞ്ഞും എഴുത്തുകാരനെ കാണാനെത്തി. റംല സ്റ്റോർ ഉടമയായ യൂസഫ് ഹാജി എം.ടി.യേക്കാൾ അഞ്ചുവയസ്സിനു മൂത്തതാണ്. ഞങ്ങൾ ഒരു കുടുംബം പോലെ കഴിഞ്ഞവരാണെന്ന് യൂസഫ്. എം.ടിയുടെ അമ്മ പ്രളയകാലത്ത് വീട്ടിൽ കുഞ്ഞുവിനും അമ്മയ്ക്കും അഭയം നൽകിയിട്ടുമുണ്ട്.

Content Highlights: m t vasudevan nair