പത്തിരിപ്പാല: വീടിന്റെ ഭിത്തികൾ അടർന്നുവീഴുന്നത് നിറഞ്ഞ കണ്ണുകളുമായി നോക്കിനിൽക്കുകയാണ് മണ്ണൂർ വടക്കുമ്പാടം സെൽമ. കഴിഞ്ഞദിവസമുണ്ടായ മഴയിൽ സെൽമയുടെ വീട് ഭൂരിഭാഗവും നിലംപൊത്തി. കഴിഞ്ഞ പ്രളയകാലത്ത് തകർന്നവീട് നന്നാക്കിയെങ്കിലും ഇത്തവണത്തെ മഴയിൽ അത് വീണ്ടും തകർന്നു. സമീപത്തുണ്ടാക്കിയ ചോർന്നൊലിക്കുന്ന താത്കാലിക ഷെഡ്ഡിലാണ് അഞ്ചംഗ കുടുംബം കഴിയുന്നത്.
ഭർത്താവ് സുലൈമാന്റെ മരണശേഷം സെൽമയുടെ കുടുംബം വളരെ ബുദ്ധിമുട്ടിലായിരുന്നു. ഭിന്നശേഷിക്കാരിയായ മൂത്തമകളടക്കം നാല് പെൺമക്കളാണ് സെൽമയ്ക്ക്. ഇളയമകൾ ജമാലിയ തീപ്പെട്ടിക്കമ്പനിയിൽ ജോലിചെയ്ത് കിട്ടുന്ന വരുമാനവും മൂത്തമകൾ ബീപാത്തുമ്മയുടെ പെൻഷനുമാണ് വരുമാനമാർഗം. സുരക്ഷിതമായി അന്തിയുറങ്ങാനൊരിടമാണ് ഇവരുടെ സ്വപ്നം.