വടക്കഞ്ചേരി : തുടർച്ചയായ മഴയെത്തുടർന്ന് വടക്കഞ്ചേരി-മണ്ണുത്തി ആറുവരിപ്പാതയിലെ കുതിരാൻ ഇടതുതുരങ്കത്തിനുള്ളിൽ ചോർച്ച. പുറത്ത് ജോലികൾ നടന്നുകൊണ്ടിരിക്കുന്ന വലതുതുരങ്കത്തിന്റെഭാഗത്ത് സുരക്ഷയ്ക്കായിചെയ്ത കോൺക്രീറ്റിങ് അടർന്നു. ഇതോടെ തുരങ്കത്തിന്റെ സുരക്ഷയെക്കുറിച്ച് ആശങ്കയുയർന്നു.

മലമുകളിൽനിന്ന് വെള്ളം കിനിഞ്ഞിറങ്ങുന്നതാണ് തുരങ്കത്തിനുള്ളിൽ ചോർച്ചയ്ക്കിടയാക്കിയത്. ഇങ്ങനെവരുന്ന വെള്ളം ചാലിലേക്കൊഴുക്കുന്നതിനായി ദ്വാരങ്ങൾ നിർമിച്ച് പൈപ്പ് ഘടിപ്പിച്ചിട്ടുണ്ടെങ്കിലും പല സ്ഥലങ്ങളിൽനിന്നായി വെള്ളം ചോർന്നിറങ്ങുകയാണ്. വെള്ളം റോഡിലും നടപ്പാതയിലും വീണ് പരന്നൊഴുകുന്നുണ്ട്. ചോർച്ച തുടർന്നാൽ മേൽഭാഗത്ത് സിമന്റ് സ്‌പ്രേ ചെയ്ത ഭാഗങ്ങൾ അടർന്ന് താഴെവീഴുമെന്ന ആശങ്ക ഉയർന്നിട്ടുണ്ട്. തുരങ്കത്തിനുൾവശംമുഴുവൻ, ഉരുക്കുപാളികൾ ഘടിപ്പിച്ച് ചെയ്യുന്ന ഗ്യാൻട്രി കോൺക്രീറ്റിങ് നടത്തിയാൽമാത്രമെ ചോർച്ച പൂർണമായി തടയാനാവുകയുള്ളൂ.

രണ്ടാമത്തെ തുരങ്കത്തിലെ ജോലികൾ പൂർത്തിയാക്കി ഇതിലൂടെ വാഹനം കടത്തിവിട്ടശേഷം ഇടതുതുരങ്കത്തിൽ പൂർണമായി ഗ്യാൻട്രി കോൺക്രീറ്റിങ് ചെയ്യുമെന്ന് കരാർ കമ്പനിയായ കെ.എം.സി. അറിയിച്ചു. ഇപ്പോഴുളള ചോർച്ച ഒഴിവാക്കുന്നതിനായി താത്കാലികനടപടികൾ സ്വീകരിക്കുമെന്നും കമ്പനി അധികൃതർ പറഞ്ഞു.

മഴപെയ്തപ്പോൾ മലമുകളിൽനിന്ന് വെള്ളം ശക്തിയായി കുത്തിയൊഴുകിയതാണ് പുറത്ത് വലതുതുരങ്കത്തിനു സമീപമുള്ള കോൺക്രീറ്റിങ് തകരാനിടയാക്കിയത്. വലതുതുരങ്കം ഗതാഗതത്തിനായി തുറക്കുന്ന സമയത്ത് കോൺക്രീറ്റ് അടർന്നുപോയ ഭാഗങ്ങൾ നന്നാക്കുമെന്ന് കെ.എം.സി. അധികൃതർ പറഞ്ഞു. തുരങ്കത്തിന്റെ സുരക്ഷസംബന്ധിച്ച് ആശങ്ക വേണ്ടെന്നും കമ്പനി അധികൃതർ പറഞ്ഞു. ജൂലായ് 31-നാണ് ഇടതുതുരങ്കം ഗതാഗതത്തിനായി തുറന്നത്.