അഗളി: കനത്തമഴയിൽ അട്ടപ്പാടി ചുരം റോഡിൽ അടിക്കടി ഉണ്ടാകുന്ന മണ്ണിടിച്ചിൽ ബാധിക്കുന്നത് വിനോദസഞ്ചാര മേഖലയെയും. ചുരത്തിന് അപ്പുറമാണ് പെട്ട് പോകുന്നതെങ്കിൽ പിന്നെ തമിഴ്നാട് വഴി ചുറ്റിക്കറങ്ങേണ്ടിവരും തിരിച്ചെത്താൻ. മണ്ണിടിച്ചിലിൽ ഗതാഗത തടസം ഉണ്ടായാൽ മണിക്കൂറുകളോ ചിലപ്പോൾ ദിവസങ്ങളോ വേണ്ടിവന്നേക്കാം ഇത് നീക്കംചെയ്യാൻ. സൈലന്റ് വാലി ദേശീയോദ്യാനത്തിലേക്ക്‌ കേരളത്തിൽനിന്നുള്ള ഏക പാതയാണ് അട്ടപ്പാടി ചുരം റോഡ്.

രോഗികൾ എന്ത് ചെയ്യും

മണ്ണിടിഞ്ഞു ചുരം റോഡിൽ ഗതാഗതം തടസ്സപ്പെട്ടാൽ അട്ടപ്പാടിയിൽനിന്നുള്ള രോഗികളെ ആശുപത്രിയിൽ എത്തിക്കുക പ്രയാസം. അടിയന്തര സാഹചര്യങ്ങളിൽ കോട്ടത്തറ ആശുപത്രിയിൽ ചികിത്സ നൽകാമെങ്കിലും വിദഗ്ധ ചികിത്സ വേണ്ടിവന്നാൽ വലയും. കുരുക്ക് ഇല്ലെങ്കിലും കുഴിയുള്ള റോഡിലൂടെ വരുന്ന ആംബുലൻസിലെ രോഗിയുടെ അവസ്ഥയും പരിതാപകരമാണ്. മുൻകാലങ്ങളിൽ മണ്ണിടിഞ്ഞു അട്ടപ്പാടി ഒറ്റപെട്ട സാഹചര്യങ്ങളിൽ തമിഴ്നാട് വഴിയുള്ള ഗതാഗതം ആശ്രയിക്കേണ്ട അവസ്ഥയും ഇവിടുത്തുകാർക്ക് ഉണ്ടായിരുന്നു.

സഞ്ചാരികളും വലയുന്നു

സൈലന്റ് വാലിയിൽ ഉൾപ്പെടെ അട്ടപ്പടിയിലേക്ക് എത്തുന്ന വിനോദ സഞ്ചാരികൾക്കും ചുരം വഴിയുള്ള യാത്ര ബുദ്ധിമുട്ടാണ്. പലഭാഗത്തും അറ്റകുറ്റപ്പണികൾ നടത്തിയിട്ടുണ്ടെങ്കിലും പലസ്ഥലത്തും റോഡുകൾ പൊളിഞ്ഞ അവസ്ഥയിൽ തന്നെയാണ്. നിരവധി സഞ്ചാരികളാണ് ഒരു ദിവസം ഈ ഭാഗത്തേക്ക് വന്ന് പോകുന്നത്.

തിരക്കൊഴിയാപ്പാത

അട്ടപ്പാടി ചുരം റോഡിലൂടെ നൂറുകണക്കിന് വാഹനങ്ങളാണ് ദിവസവും കടന്നുപോകുന്നത്. സ്വകാര്യ വാഹനങ്ങൾക്കുപുറമെ ബസ് സർവീസും ചരക്ക് വാഹനങ്ങളും കടന്ന് പോകുന്നു.

ഓരോ അര മണിക്കൂറിലും കെ.എസ്.ആർ.ടി.സി. ആനക്കട്ടിയിലേക്കും തിരിച്ചും സർവീസ് നടത്തുന്നുണ്ട്. ഇതിന് പുറമെയാണ് വിനോദ സഞ്ചാരികളുടെ തിരക്ക്. അട്ടപ്പാടിക്കാരുടെ കാർഷിക വിളകൾ വിൽക്കാൻ കൊണ്ടുവരുന്നതും ഈ പാതയിലൂടെയാണ്. വിദഗ്ധ ചികിത്സ ആവശ്യമുള്ള രോഗികൾ, പാലക്കാടും മണ്ണാർക്കാടും ജോലി ചെയ്യുന്നവർ തുടങ്ങി നിരവധിപേരുടെ വാഹനങ്ങളാണ് ഇതുവഴി ഓരോ ദിവസവും കടന്നുപോകുന്നത്. കോവിഡ് ലോക്ക്ഡൗണിനുശേഷം ദിവസവും അറുപതോളം വാഹനങ്ങൾ സൈലന്റ് വാലിയിൽ മാത്രം എത്തുന്നതായി അധികൃതർ പറഞ്ഞു. കോവിഡിന് മുൻപ് എണ്ണം കൂടുതൽ ആയിരുന്നു.

അപകടം പതിയിരിക്കുന്ന റോഡ്

ആനമൂളി മുതൽ മുക്കാലി വരെ 15 കിലോമീറ്റർ ആണ് ദൂരം. 12 കൊടും വളവുകളാണ് ചുരം റോഡിൽ ഉള്ളത്. കൂടുതൽ അപകട സാധ്യത ഏറിയ ഭാഗത്തും താഴ്ച കൂടിയ സ്ഥലത്തും ഇരുമ്പ് കമ്പിക്കൊണ്ട് ബാരികേഡ് സ്ഥാപിച്ചിട്ടുണ്ട്. ചുരത്തിന്റെ ചെരിവുകളിൽ നിരവധി മരങ്ങളാണ് അപകടഭീഷണിയായി നിൽക്കുന്നത്. മണ്ണിടിച്ചിലിന് പുറമെ പലപ്പോഴും മഴയത്ത്‌ മരങ്ങൾ വീണും ഇതുവഴി ഗതാഗതം തടസ്സപ്പെടാറുണ്ട്. കഴിഞ്ഞദിവസം പെയ്ത മഴയിൽ ഗതാഗത തടസം ഉണ്ടാകാത്ത രീതിയിൽ ചുരത്തിന്റെ പല ഭാഗങ്ങളിലും മണ്ണ് ഇടിഞ്ഞിട്ടുണ്ട്.