നെന്മാറ: എന്താണ് സംഭവിച്ചതെന്ന് മനസ്സിലായില്ല. വീടിനുനേരെ ഒരു മരം തെറിച്ചുവരുന്നത് കണ്ടു. പുറത്തേക്കോടാൻ നോക്കിയപ്പോൾ എഴുപതുകഴിഞ്ഞ അമ്മയുടെ വിളികേട്ടു. മണ്ണിനും കല്ലിനുമിടയിൽപ്പെട്ട അമ്മയുടെ തലമാത്രമേ പുറത്തുകാണുമായിരുന്നുള്ളൂ. വലിയ കല്ലുകൾ മാറ്റി പുറത്തെടുക്കാൻ ഒരുവഴിയുമില്ല. അപ്പോഴേക്കും കല്ലും മണ്ണും മരങ്ങളും കുത്തിയൊലിച്ച് മലവെള്ളപ്പാച്ചിൽ കൂടി. പിന്നെ വരുന്നതുവരട്ടെ എന്ന് വിചാരിച്ച് അവരെല്ലാവരും ചേർന്നുനിന്നു. വീടിന്റെ ചുമരുകൾ മറിഞ്ഞുവീഴുമ്പോഴും. അപ്പോഴേക്കും അടുത്തവീട്ടിലെ പയ്യൻകൂടി വന്നു. മണ്ണും കല്ലും നീക്കി അമ്മയെ പുറത്തെടുത്തു. പിന്നെ ആരൊക്കെയോ ചേർന്ന് ആശുപത്രിയിലെത്തിച്ചു.

ആതവനാട് മലയിലുണ്ടായ ഉരുൾപൊട്ടലിൽനിന്ന് തങ്ങൾ രക്ഷപ്പെട്ടുവെന്ന് വിശ്വസിക്കാനാകാത്ത സ്ഥിതിയിലാണ് ഓട്ടോഡ്രൈവറായ അളുവശ്ശേരി ചേരുംകാട് മണികണ്ഠനും ഭാര്യ സുചിത്രയും മക്കളായ ചിഞ്ചുമോളും പ്രവീണും പ്രജിത്തും.

പരിക്കിന് പ്രാഥമികചികിത്സതേടി എല്ലാവരും നെന്മാറ സാമൂഹികാരോഗ്യകേന്ദ്രത്തിൽനിന്ന് ബന്ധുവീട്ടിലേക്ക് മടങ്ങുമ്പോൾ മണികണ്ഠൻ പറഞ്ഞു. ‘ഞാനില്ല, അടുത്ത വീട്ടിലെ ആറേഴുപേർ അപ്പുറത്ത് കിടക്കുന്നു, ജീവനില്ലാതെ, എനിക്കങ്ങനെ പോകാൻ പറ്റില്ല, അവരെയൊന്ന് കാണണം’. കഴിഞ്ഞയാഴ്ച തന്റെ ഓട്ടോയിൽ കുത്തിവെക്കാൻ കൊണ്ടുപോയ കുഞ്ഞുമോളുമുണ്ട് അതിൽ. എനിക്കാണല്ലോ ഓട്ടോയുള്ളത്. ഇപ്പോൾ അവരും പോയി. ഓട്ടോയും’.

എല്ലാം പോയി. എല്ലാം എങ്ങനെയും ഉണ്ടാക്കാം.പക്ഷേ തൊട്ടടുത്ത് ഒരു കുടുംബം ഇല്ലാതായത് അറിഞ്ഞതുതന്നെ ആശുപത്രിയിലെത്തിയശേഷമാണ്. മഴയും മലയും കൊണ്ടുപോയവരെ ഒന്ന് കാണണം. എന്നിട്ട് ജില്ലാശുപത്രിയിൽ ചികിത്സയിലുള്ള അമ്മയെ കാണണം- മരുന്ന് കെട്ടിവെച്ച തലയിലെ മുറിവുമായി ഉച്ചയ്ക്ക് രണ്ടുമണിയോടെ മണികണ്ഠൻ നെന്മാറ ആശുപത്രിക്ക് മുന്നിലെ ചായക്കടയിൽനിന്ന് ഒരു ചായകുടിച്ചു. ഒപ്പം സുഹൃത്തുക്കളും. എല്ലാവരും ഒന്നുമാത്രം ശ്രദ്ധിച്ചു. കരഞ്ഞോ സങ്കടപ്പെട്ടോ തളരാതിരിക്കാൻ.