വടക്കഞ്ചേരി: രണ്ടുദിവസത്തെ ഗതാഗതനിയന്ത്രണത്തിനായി പരീക്ഷണാടിസ്ഥാനത്തിൽ കുതിരാൻ ഇടതുതുരങ്കത്തിലൂടെ ഗതാഗതം തുടങ്ങിയപ്പോൾ തുരങ്കത്തിനകവും പുറവും പൊടിയിൽ മുങ്ങി. കുതിരാനിൽ നിലവിലുള്ള പാതയിൽ ഒറ്റവരിയിലൂടെ ഗതാഗതം ക്രമീകരിച്ചതോടെ കുരുക്കും രൂപപ്പെട്ടു. പവർഗ്രിഡ് കോർപറേഷൻ ഭൂഗർഭ വൈദ്യുതകേബിൾ ഇടുന്നതിന്റെ ട്രയൽറൺ നടത്തുന്നതിനാണ് കുതിരാനിൽ 28, 29 ദിവസങ്ങളിൽ രാവിലെ എട്ടുമുതൽ വൈകീട്ട് ആറുവരെ ഗതാഗതനിയന്ത്രണമേർപ്പെടുത്തിയത്. ബുധനാഴ്ച വൈകീട്ട് ആറുമണിയോടെ നിയന്ത്രണമവസാനിക്കും.

ചൊവ്വാഴ്ച രാവിലെ എട്ടുമണിമുതൽ പാലക്കാട് ഭാഗത്തുനിന്നുള്ള ചരക്കുവാഹനങ്ങൾ തുരങ്കത്തിലൂടെ കടത്തിവിടുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും ഒരുക്കങ്ങൾ പൂർത്തിയാകാൻ വൈകിയതിനാൽ 9.20-നാണ് വാഹനങ്ങൾ കടത്തിവിട്ട് തുടങ്ങിയത്. വാഹനങ്ങൾ പോയിത്തുടങ്ങിയതോടെ പ്രവേശനഭാഗത്തും അകത്തും പൊടിയും പുകയും നിറഞ്ഞു. പൊടി പുറത്തേക്ക് തള്ളിവിടുന്നതിനായി തുരങ്കത്തിനുള്ളിലെ രണ്ട് പൊടിനീക്കുന്നയന്ത്രം പ്രവർത്തിപ്പിച്ചെങ്കിലും ഫലമുണ്ടായില്ല.

പൊടി നിയന്ത്രണാതീതമായതോടെ 10.20-ന് വാഹനങ്ങൾ തുരങ്കത്തിലൂടെ കടത്തിവിടുന്നത് നിർത്തി. തുടർന്ന്, സ്ഥലത്തുണ്ടായിരുന്ന തൃശ്ശൂർ, ഇരിങ്ങാലക്കുട അഗ്നിരക്ഷാസേനയുടെ നേതൃത്വത്തിൽ തുരങ്കത്തിനുള്ളിൽ വെള്ളം തളിച്ചാണ് പൊടി നിയന്ത്രിച്ചത്. 11 മണിയോടെ വീണ്ടും വാഹനങ്ങൾ കടത്തിവിടാനാരംഭിച്ചു. തുടർന്ന്, ഒരുമണിക്കൂർ ഇടവിട്ട് അഗ്നിരക്ഷാസേന തുരങ്കത്തിനുള്ളിൽ വെള്ളം തളിച്ചുകൊണ്ടിരുന്നു. തൃശ്ശൂർ കളക്ടർ എസ്. ഷാനവാസ്, പാലക്കാട് കളക്ടർ ഡി. ബാലമുരളി, തൃശ്ശൂർ ഡെപ്യൂട്ടി കളക്ടർ ഡോ. റെജിൽ എം.എൽ., തൃശ്ശൂർ സിറ്റി കമ്മിഷണർ ആദിത്യ ആർ., എ.സി.പി. വി.കെ. രാജു തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘം തുരങ്കത്തിലെത്തി സ്ഥിതി വിലയിരുത്തി.

നിയന്ത്രണം ചുരുക്കിയപ്പോൾ കുരുങ്ങി

തൃശ്ശൂർ ഭാഗത്തുനിന്ന് സ്വകാര്യബസ്സുകൾ, കെ.എസ്.ആർ.ടി.സി. ബസ്സുകൾ, ആംബുലൻസ് തുടങ്ങിയവയ്ക്ക് മാത്രമാണ് കുതിരാൻവഴി ഗതാഗതം അനുവദിച്ചിരുന്നതെങ്കിലും ചൊവ്വാഴ്ച രാവിലെ തീരുമാനം മാറ്റി. വലിയ ചരക്കുവാഹനങ്ങളൊഴികെയുള്ളവ കുതിരാനിലൂടെ കടത്തി വിട്ടു. ഭൂഗർഭ കേബിളിടുന്നതിന്റെ ഭാഗമായി കുതിരാൻ ക്ഷേത്രത്തിനുസമീപംമുതൽ പടിഞ്ഞാറെ തുരങ്കമുഖത്തിന്‌ സമീപംവരെയുള്ള ഭാഗത്ത് ഒറ്റവരിമാത്രമാണ് അനുവദിച്ചത്.

പാലക്കാട് ഭാഗത്തുനിന്ന് ചരക്കുവാഹനങ്ങളൊഴികെയുള്ളവ നിലവിലുള്ള പാതയിലൂടെ വരാൻ അനുവദിച്ചിരുന്നു. ഇരുഭാഗങ്ങളിൽനിന്നും വാഹനങ്ങളെത്തിയതോടെ ഭൂഗർഭ കേബിളിടുന്ന ഭാഗത്ത് ഒറ്റവരിയായി ഗതാഗതം നിയന്ത്രിക്കേണ്ടിവന്നത് കുരുക്കിനിടയാക്കി. 15 മുതൽ 30 മിനിട്ടുവരെ വരിയിൽ കാത്തുകിടന്നാണ് വാഹനങ്ങൾക്ക് പോകാനായത്.

തൃശ്ശൂരിൽനിന്നുള്ള ചെറുവാഹനങ്ങളും ചരക്കുവാഹനങ്ങളും ഷൊർണൂർ, പഴയന്നൂർ, ചേലക്കര വഴി തിരിച്ചുവിടാനായിരുന്നു ആദ്യതീരുമാനം. എന്നാലിത് തൃശ്ശൂർ നഗരത്തിൽ വലിയ ഗതാഗതക്കുരുക്കിനിടയാക്കുമെന്നതിനാലാണ് കുതിരാൻ വഴിതന്നെ വിടാൻ തീരുമാനിച്ചതെന്ന് കമ്മിഷണർ ആദിത്യ ആർ. പറഞ്ഞു. പോലീസും പവർഗ്രിഡ് കോർപറേഷൻ പ്രത്യേകമായി നിയോഗിച്ച വൊളന്റിയേഴ്‌സും ചേർന്നാണ് ഗതാഗതം നിയന്ത്രിച്ചത്. പാണഞ്ചേരി പഞ്ചായത്തിൽ പോലീസ് കൺട്രോൾ റൂം തുറന്നു.

ഗതാഗതനിയന്ത്രണം ആവശ്യപ്പെട്ടത് 30 ദിവസം

കുതിരാനിൽ ഭൂഗർഭ കേബിളിടുന്നതിന്റെ ഭാഗമായി 15 ദിവസംവീതം രണ്ടുതവണകളായി ഗതാഗതനിയന്ത്രണം വേണമെന്നാണ് പവർഗ്രിഡ് കോർപറേഷൻ ആവശ്യപ്പെട്ടിട്ടുള്ളത്. രണ്ടുദിവസത്തെ ട്രയൽറൺ വിലയിരുത്തുന്നതിനായി ഫെബ്രുവരി ഒന്നിന് തൃശ്ശൂർ കളക്ടറുടെയും പവർഗ്രിഡ് അധികൃതരുടെയും നേതൃത്വത്തിൽ യോഗം ചേരും. 30 ദിവസം ഗതാഗതനിയന്ത്രണം ഏർപ്പെടുത്തുന്നതിനെപ്പറ്റി ചർച്ചചെയ്യും.

ഏപ്രിലിലാണ് ഭൂഗർഭ കേബിൾ കമ്മിഷൻചെയ്യാൻ തീരുമാനിച്ചിട്ടുള്ളത്. മാർച്ച് 15-നുള്ളിൽ ഇടതുതുരങ്കത്തിലെ മുഴുവൻ ജോലികളും തീർക്കാമെന്നാണ് കരാർകമ്പനിയായ കെ.എം.സി. ഉറപ്പുനൽകിയിട്ടുള്ളത്. തുരങ്കത്തിലെ ജോലികൾ പൂർത്തിയായാൽ എല്ലാവാഹനങ്ങളും തുരങ്കത്തിലൂടെ കടത്തിവിടാനാകും. ഗതാഗതനിയന്ത്രണങ്ങളില്ലാതെ പവർഗ്രിഡ് കോർപറേഷന് ജോലികളും ചെയ്യാനാകും. മാർച്ചുവരെ കാത്തിരുന്നാൽ വൈദ്യുതകേബിൾ നിശ്ചിതസമയത്ത് കമ്മിഷൻ ചെയ്യാനാകില്ലെന്ന ആശങ്കയുമുണ്ട്.

ഇന്നത്തെ ഗതാഗതക്രമീകരണം

പാലക്കാട് ഭാഗത്തുനിന്നുള്ള ചരക്കുവാഹനങ്ങളൊഴികെയുള്ളവ നിലവിലുള്ള കുതിരാൻ പാതയിലൂടെ ബുധനാഴ്ച കടത്തിവിടും. ചരക്കുവാഹനങ്ങൾ കുതിരാൻ തുരങ്കത്തിലൂടെയാണ് കടത്തിവിടുക.

തൃശ്ശൂർ ഭാഗത്തുനിന്നുള്ള വലിയ ചരക്കുവാഹനങ്ങളൊഴികെയുള്ളവ കുതിരാനിലുടെ കടത്തിവിടും. ഗ്യാസ് ടാങ്കറുകളും പെട്രോളിയം ഉത്പന്നങ്ങൾ കയറ്റിയ ലോറികളും കുതിരാനിലൂടെയോ തുരങ്കത്തിലൂടെയോ കടത്തിവിടില്ല.

കുതിരാനിൽ കേബിളിടൽ നടക്കുന്ന ഭാഗത്ത് ഗതാഗതം ഒറ്റവരിയാക്കും.

Content Highlight: Kuthiran Tunnel