കുതിരാൻ: തൃശ്ശൂർക്ക് ദേശീയപാതയിൽ കുതിരാനിലൂടെയുള്ള യാത്ര ഇപ്പോൾ ആർക്കും മറക്കാനാവില്ല. മൂന്ന്‌ കിലോമീറ്റർ വരുന്ന ദുരിതപാത താണ്ടുന്നതിന്റെ കാര്യം അനുഭവിച്ചാൽമാത്രമേ മനസ്സിലാവൂ... റോഡെന്നുപോലും പറയാനാവാത്ത പാതയിൽ പതിയിരിക്കുന്ന ചതിക്കുഴികളുടെ ആഴം ഒരുവശത്ത്.

കണ്ണൊന്ന്‌ തെറ്റിയാൽ ഏതുനിമിഷവും 50 അടി താഴ്ചയിലേക്ക് പതിയ്ക്കാവുന്ന തരത്തിൽ ഇടിയുന്ന അരികുകളും കുതിരാനിലെത്തുന്നവരുടെ ഭീതി വർധിപ്പിക്കുന്നു. സേലംമുതൽ എറണാകുളംവരെയുള്ള ഭാഗങ്ങളിൽനിന്ന് പെട്രോളിയം ഉത്പന്നങ്ങളുമായി പോകുന്ന ചരക്കുവാഹനങ്ങളും ദീർഘദൂരബസ്സുകളുമടക്കം നിരവധി വണ്ടികൾ ഒരേസമയം കടന്നുപോകുന്ന പാതയാണിത്.

പാതയുടെ നവീകരണത്തിനോ അറ്റകുറ്റപ്പണിയ്ക്കോ ഇതുവരെ നടപടികളായിട്ടില്ല. വാളയാർ-വടക്കഞ്ചേരി പാതാ നവീകരണത്തിനുമുമ്പ് തുടങ്ങിയതാണ് കുതിരാനിലെ റോഡുപണി. 15 വർഷത്തിലേറെയായി തകർന്നുതന്നെ കിടക്കുന്നു.

മഴയും ഉരുൾപൊട്ടലുംകൂടിയായതോടെ പാതയുടെ തകർച്ച പൂർണമായി. മണ്ണിടിച്ചിലിനെത്തുടർന്ന് പല ഭാഗങ്ങളും അപകടഭീഷണിയിലാണ്. കുതിരാൻ തുരങ്കം തുടങ്ങുന്ന ഭാഗത്തിനുമുകളിൽ ഇപ്പോഴും മണ്ണിടിച്ചിലുണ്ട്. മണൽച്ചാക്ക് അടുക്കിയാണ് താത്കാലിക പരിഹാരം കാണുന്നത്.

ഇരുമ്പ് റെയിലിങ്ങൊഴിച്ചാൽ, പാതയോരത്ത് കൂട്ടിയിട്ട കല്ലുകൾ വാഹനങ്ങൾക്ക് തടസ്സമാവുന്നു.ഇരുമ്പുപാലത്തിനും കാര്യമായ സംരക്ഷണങ്ങളില്ല.