കൂറ്റനാട് : തൊണ്ണൂറ്റിയാറ് ദേശങ്ങൾ ഒത്തുചേരുന്ന കൂറ്റനാട് ആമക്കാവ് ഭഗവതി ക്ഷേത്രത്തിലെ പൂരം വെള്ളിയാഴ്ച ആഘോഷിക്കും. പൂരംവരെയുള്ള പത്തുദിവസങ്ങളിൽ നാരായണൻ പത്തിരിപ്പാലയുടെ നേതൃത്വത്തിൽ തോല്പാവക്കൂത്തുണ്ട്. പൂരംനാളിൽ ക്ഷേത്രം തന്ത്രി പാലക്കാട്ടിരി നാരായണൻനമ്പൂതിരിയുടെ കാർമികത്വത്തിൽ പ്രത്യേകപൂജകൾ നടക്കും. ഉച്ചയ്ക്ക് 2.30-ന് അഞ്ച് ആനകളുമായി ദേവസ്വം എഴുന്നള്ളിപ്പ് പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെ നടക്കും. കോങ്ങാട് കുട്ടിശങ്കരൻ ദേവിയുടെ തിടമ്പേറ്റും തിറ, പൂതൻ, നായാടി, പറയവേല എന്നിവ അമ്പലപ്പറമ്പിലെത്തി ദേവിയെ വണങ്ങി കാവിറങ്ങും. വൈകീട്ട് വിവിധ പ്രാദേശിക കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ ആന, പഞ്ചവാദ്യം, മേളം, തകിൽ എന്നിവയുടെ അകമ്പടിയോടെ എഴുന്നള്ളിപ്പുകൾക്ക്‌ പുറമെ കാവടി, തകിൽ, തിറയാട്ടം, കാള എന്നീ പൂരവരവുകൾ ക്ഷേത്രത്തിലേക്കെത്തും. തുടർന്ന്, വിവിധ ദേശങ്ങളിൽനിന്നെത്തിയ 25 ആനകൾ ദേവിക്കഭിമുഖമായി കൂട്ടിയെഴുന്നള്ളിക്കും.

ദീപാരാധനയ്ക്കുശേഷം കേശവദാസ്, ശങ്കരകൃഷ്ണൻ എന്നിവരുടെ തായമ്പക, നാടകം എന്നിവയുണ്ടാകും. തുടർന്ന്, താലമെഴുന്നള്ളിപ്പോടെ രാത്രിപൂരം തുടങ്ങും. ദേവസ്വം പൂരം, തുടർന്ന് വിവിധ കമ്മിറ്റികളുടെ പൂരങ്ങൾ, ഭഗവതിയുടെ പ്രത്യേക ചടങ്ങായ പതിനെട്ടാം കർമം എന്നിവയുണ്ടാകും.