കൂറ്റനാട്: സ്കൂൾ മൈതാനത്തുനിന്ന് കളഞ്ഞുകിട്ടിയ സ്വർണമാല ഉടമയ്ക്ക് തിരിച്ചുനൽകി വിദ്യാർഥികൾ മാതൃകയായി. ചാലിശ്ശേരി ഗവ. ഹയർസെക്കൻഡറി സ്കൂളിലെ ആറാംക്ലാസ് വിദ്യാർഥികളായ പി.എ. അദീന, പി.എസ്. അനാമിക എന്നിവരാണ് ഒരു പവനോളം വരുന്ന സ്വർണമാല തിരിച്ചുനൽകിയത്.
കളിക്കാനായി മൈതാനത്തെത്തി മടങ്ങുമ്പോഴാണ് സ്വർണമാല ഇരുവരുടെയും ശ്രദ്ധയിൽപ്പെട്ടത്. ഉടനെത്തന്നെ ഇരുവരും മാല പ്രധാനാധ്യാപികയെ ഏൽപ്പിച്ചു. ഇത് ഉടമയായ ഒമ്പതാംക്ലാസ് വിദ്യാർഥിനി അനാമികയെ കണ്ടെത്തി തിരിച്ചേൽപ്പിക്കുകയും ചെയ്തു. ശിശുദിനത്തോടനുബന്ധിച്ച് സ്കൂൾ അസംബ്ലിയിൽ സ്കൂൾ പി.ടി.എ.യുടെയും ജനമൈത്രി പോലീസിന്റെയും നേതൃത്വത്തിൽ വിദ്യാർഥികളെ പ്രകീർത്തിച്ചു.
ചാലിശ്ശേരി ജനമൈത്രി ബീറ്റ് ഓഫീസർമാരായ രതീഷ്, ശ്രീകുമാർ പ്രധാനാധ്യാപിക ടി.എസ്. ദേവിക, എം.കെ. ചന്ദ്രൻ, രാധാകൃഷ്ണൻ, ഷക്കീല മുഹമ്മദ്, പി.ടി.എ. പ്രസിഡന്റ് പി.കെ. കിഷോർ എന്നിവർ സംസാരിച്ചു.