കൂറ്റനാട്: ‘‘പണ്ട് മഴക്കാലത്ത് വാഴപ്പിണ്ടി ചങ്ങാടത്തിൽ അക്കരെയിക്കരെ പോയിവന്നവരാണ് ഞങ്ങൾ. അതൊരു പഴയ ഓർമയായിരുന്നു ഇതുവരെ. എന്നാൽ, കഴിഞ്ഞ രണ്ടുവർഷമായി ഉണ്ടാകുന്ന പ്രളയം പോയകാലത്തേക്ക് ഞങ്ങളെ തിരിച്ചുകൊണ്ടുവരികയാണ്. വാഴപ്പിണ്ടി ചങ്ങാടത്തിനുപകരം ഡ്രം കൊണ്ടുള്ള ചങ്ങാടവും ബോട്ടുമൊക്കെയാണെന്ന വ്യത്യാസം മാത്രമേയുള്ളൂ’’. മാടപ്പാട്ട് അബൂബക്കറിന്റെ വാക്കുകളാണിത്. മൂന്നുകണ്ണിപ്പറമ്പിൽ മൊയ്തീൻകുട്ടിയും ഇത്തരത്തിൽ ചങ്ങാടയാത്ര നടത്തിയ ആളാണ്‌. തൃത്താല ഗ്രാമപ്പഞ്ചായത്തിലെ തിരുത്ത് ദ്വീപിലുള്ള കോടനാട് ജുമാമസ്ജിദിൽ പ്രാർഥനയ്ക്കെത്തിയതാണിവർ.

പഞ്ചായത്തിലെ പതിനാറാം വാർഡിൽപ്പെട്ട ഈ പ്രദേശത്തിന്റെ നാലുഭാഗവും പുളിയപ്പറ്റക്കായലിനാൽ ചുറ്റപ്പെട്ട്‌ കിടക്കുകയാണ്‌ 300മീറ്ററോളം കായൽനിലത്തിന്‌ മുകളിലെ ബണ്ടിലൂടെ കടന്നുപോകുന്ന കോടനാട് -തിരുത്ത് റോഡാണ് ദ്വീപിലെ എഴുപത്തഞ്ചോളം കുടുംബങ്ങൾക്ക് പുറംലോകവുമായി ബന്ധപ്പെടാനുള്ള ഏകമാർഗം. രണ്ടുവർഷമായി പ്രളയത്തിൽ ഈ ദ്വീപ് ഒറ്റപ്പെട്ട അവസ്ഥയിലാണ്. ബണ്ട് റോഡിൽ വെള്ളം കയറുന്നതോടെ ഇവർക്ക് പുറംലോകത്തെത്താൻ ബോട്ടോ, ചങ്ങാടമോതന്നെ ശരണം.

ഓഗസ്റ്റ്‌ ഒമ്പതിന് ഉച്ചയ്ക്ക് ബണ്ട് മുങ്ങി. പിന്നീട് റോഡ് തെളിയുന്നത് 14-നാണ്. അത്രയും നാൾ ദ്വീപിലെ കുടുംബങ്ങൾ ഒറ്റപ്പെട്ട്‌ കഴിയുകയായിരുന്നു. ഇതിൽ വയോധികരും, ഗർഭിണിയും, കൊച്ചുകുഞ്ഞുങ്ങളുമെല്ലാം ഉൾപ്പെടും. മഴയൊഴിഞ്ഞെങ്കിലും ദുരിതങ്ങൾ തീർന്നിട്ടില്ല. വർഷങ്ങൾക്കുമുൻപ് കല്ലും, മണ്ണുമുപയോഗിച്ച്‌ നിർമിച്ച ബണ്ട് ദുർബലമായി. ഇരുചക്രവാഹനങ്ങളും ചുരുക്കം ചില ഓട്ടോറിക്ഷകളുംമാത്രമേ ഇതിലൂടെ ഓടുന്നുള്ളൂ. അതുതന്നെ പേടിയോടെയാണ്. ഭാരവാഹനങ്ങളുടെ വരവ് പൂർണമായി നിലച്ചു. സ്കൂൾബസ്സുകൾ ദ്വീപിന്റെ അങ്ങേക്കരവരെമാത്രമേ വരുന്നുള്ളൂ. ഗതാഗത സൗകര്യമില്ലാതായതോടെ പള്ളിയിൽ മൂന്നാഴ്ചയായി ജുമുഅ നമസ്കാരം നടക്കുന്നില്ലെന്ന് പള്ളിയിലെ ഇമാം മുസ്തഫ പറയുന്നു. കാലവർഷത്തിൽ ഖബർസ്ഥാന്റെ പകുതിയും മുങ്ങിയിരുന്നു.

പ്രശ്നമായത് തുറക്കാത്ത വെള്ളിയാങ്കല്ല്

വെള്ളിയാങ്കല്ല്‌ തുറക്കാത്തതാണ് ഇതിനൊക്കെ കാരണമെന്ന് മൂന്നുകണ്ണിപ്പറമ്പിൽ അബൂബക്കർ രോഷത്തോടെ പറഞ്ഞു.

പ്രളയത്തിൽ ദ്വീപിലെ ആറ്‌ വീടുകളിൽ വെള്ളം കയറി. കായലിനോട്‌ ചേർന്നുകിടക്കുന്ന കോളശ്ശേരി കോച്ചി, മകൻ ബാബു എന്നിവരുടെ വീടിന്റെ മേൽക്കൂരവരെ വെള്ളം കയറി. കോച്ചിയുടെ വീട് കഴിഞ്ഞ പ്രളയത്തിൽ പൂർണമായി തകർന്നിരുന്നു. തൃത്താല സർവീസ് സഹകരണബാങ്ക് നിർമിച്ചുനൽകിയ വീട്ടിലാണ് ഇപ്പോൾ താമസം. പലയിടത്തും വൈദ്യുതിയില്ല.